ന്യൂഡൽഹി :27 ലക്ഷത്തിന്റ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ പോയ യുവതി അപകടത്തിൽപ്പെട്ടതിന് പിന്നാലെ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ സംഭവത്തിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവതി . ഗസിയാബാദ് ഇന്ദിരാപുരം സ്വദേശിനിയായ മാനി പവാർ സോഷ്യൽ മീഡിയ വീഡിയോ വഴിയാണ് വിശദീകരണം നൽകിയത്.“അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണ്. എനിക്ക് പരിക്കുകളൊന്നും ഇല്ല. ഞാൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്. ദയവായി വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ” മാനി വ്യക്തമാക്കി.സെപ്തംബർ 8-ന് വൈകിട്ട് ഡൽഹി നിർമ്മൺ വിഹാറിലുള്ള മഹീന്ദ്ര ഷോറൂമിലാണ് സംഭവം നടന്നത്.
ഭർത്താവ് പ്രദീപും, ഷോറൂം ജീവനക്കാരനായ വികാസും, കുടുംബാംഗങ്ങളും യുവതിയോടൊപ്പം ഉണ്ടായിരുന്നു.പുതിയ വാഹനം പുറത്തിറക്കുന്നതിന് മുൻപായി പൂജ ചെയ്യാൻ തീരുമാനിച്ചപ്പോൾ, പതിവുപോലെ നാരങ്ങ വച്ച് അതിലൂടെ വാഹനം കടത്താനുള്ള ശ്രമത്തിനിടെയാണ് അപകടം. വാഹനം പതുക്കെ ഓടിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ കാല് അമർന്നതോടെ കാർ ഒന്നാം നിലയിലെ ഗ്ലാസ് തകർത്ത് റോഡിലേയ്ക്ക് പതിക്കുകയായിരുന്നു.കാർ തലകുത്തിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രചാരമാണ് നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിന് തൊട്ടുപിന്നാലെ എയർബാഗ് തുറന്നതിനാൽ വലിയ അപകടം ഒഴിവായി. മാനിയെയും ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവർ സുരക്ഷിതരായി തിരികെ പോയി.“ആർക്കും ഒരു കുഴപ്പവുമില്ല. സോഷ്യൽ മീഡിയ ലൈക്കും വ്യൂസും വേണ്ടിയുള്ള വ്യാജവാർത്തകൾ ദയവായി അവസാനിപ്പിക്കണം” എന്ന് വീഡിയോ സന്ദേശത്തിൽ മാനി കൂട്ടിച്ചേർത്തു.