കൊല്ലം :നാലര വയസുകാരന് നേരെ അംഗൻവാടി ടീച്ചർ ക്രൂരമായി പെരുമാറിയെന്ന പരാതിയിൽ കൊല്ലം ഏരൂരിൽ വിവാദം. ഏരൂർ പാണയം 85-ാം നമ്പർ അംഗൻവാടിയിലെ വർക്കറാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന ആരോപണം.കുട്ടിയുടെ രണ്ട് കാലിലും തുടയിലും രക്തം കട്ടപിടിക്കുന്ന വിധത്തിൽ അധ്യാപിക നുള്ളിയതായി അമ്മ ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോൾ മാത്രമാണ് പാടുകൾ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു കാരണമറിഞ്ഞപ്പോൾ, അക്ഷരം പഠിക്കാത്തതിനാൽ ടീച്ചർ തന്നെ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞതായി കുടുംബം പറയുന്നു.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു. പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ തന്നെ കുടുംബം പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചു.കുട്ടിയെ ഉപദ്രവിച്ച കാര്യം കുടുംബം ചോദ്യം ചെയ്തപ്പോൾ, “തന്നോട് ക്ഷമിക്കണം” എന്ന് അധ്യാപിക രക്ഷിതാക്കളോട് പറഞ്ഞതായി അറിയുന്നു. കുട്ടിയെ പഠിപ്പിക്കുന്നതിനിടെയുണ്ടായ അനാവശ്യ പ്രതികരണമായിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.