അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിംങ്സിൽ വെസ്റ്റ് ഇൻഡീസിനെ 162 റണ്ണിന് പുറത്താക്കിയ ഇന്ത്യ, ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 121 റൺ എടുത്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിംങ്സ് സ്കോറിന് 41 റൺ മാത്രം പിന്നിലാണ് ടീം ഇന്ത്യ. നാല് വിക്കറ്റ് വീഴ്ത്തിയ സിറാജും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും ചേർന്നാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തത്.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, വെസ്റ്റ് ഇൻഡീസ് പ്രതിരോധത്തിന് മൂന്ന് ഓവർമാത്രമായിരുന്നു ആയുസ്. സ്കോർ 12 ൽ എത്തിയപ്പോൾ ടാജനറൈൻ ചന്ദ്രപോളിന്റെ (0) വിക്കറ്റ് ഇന്ത്യ പിഴുതു. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. എട്ടു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും സഹ ഓപ്പണർ ജോൺ കോംമ്പൽ (8) വീണു. ബുംറയ്ക്കായിരുന്നു വിക്കറ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിരോധിച്ച് നിന്ന ബ്രണ്ടൻ കിംങിനെ (13) സിറാജ് ക്ലീൻ ബൗൾഡ് ആക്കി, 42 ൽ അലിക് അത്താൻസയെ (12)യും സിറാജ് വീഴ്ത്തി. ഷായ് ഹോപ്പും (26), റോസ്റ്റൺ ചേസും (24) ചേർന്ന് വെസ്റ്റ് ഇൻഡീസിനെ വൻ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ഒത്തു ചേർന്നു. സ്കോർ ബോർഡിൽ 90 റൺ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഷായ് ഹോപ്പിനെ വീഴ്ത്തിയ കുൽദീപ് യാദവ് കൂട്ടുകെട്ട് പിരിച്ചു. പിന്നാലെ റോസ്റ്റൺ ചേസിനെ സിറാജും പുറത്താക്കി.
അവസാന പ്രതീക്ഷയായി ക്രീസിൽ നിന്ന് കൂട്ടുകെട്ട് ഉയർത്തിയ കാരി പിയേരയെ (11) വാഷിംങ്്്ടൺ സുന്ദറും, ജസ്റ്റിൻ ഗ്രീവ്സി (32)നെ ബുംറയും പുറത്താക്കി. ജോബാൻ ലൈയിനിനെ (1) ബുംറയും, ജോമൽ വരിക്കാനെ (8) കുൽദീപ് യാദവും വീഴ്ത്തിയതോടെ 162 ന് വെസ്റ്റ് ഇൻഡീസിന്റെ കളി അവസാനിച്ചു.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. കെ.എൽ രാഹുലും (പുറത്താകാതെ 53), യശസ്വി ജെയ്സ്വാളും (36) ചേർന്ന് ആദ്യ വിക്കറ്റിൽ 68 റൺ കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ 90 റൺ വരെ എത്തിയ ശേഷം സായ് സുദർശൻ (7) പുറത്തായി. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ കെ.എൽ രാഹുലും , ശുഭ്മാൻ ഗില്ലും (18) ആണ് ക്രീസിൽ.

