കൊച്ചി : മകള്‍ ഹോപ്പ് മമ്മൂട്ടിയെ കണ്ട നിമിഷം പങ്കുവെച്ച് ബേസില്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മകളോടൊപ്പം മമ്മൂട്ടിയെ കണ്ട നിമിഷത്തെ കുറിച്ച് ബേസില്‍ കുറിച്ചത്.തന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അതെന്നും, മകളുടെ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ ലളിതമായ മറുപടി ഹൃദയത്തില്‍ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞുവെന്നും ബേസില്‍ കുറിച്ചു.
“ഒരു ഇതിഹാസത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു. എന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അത്. എന്റെ മകള്‍ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ചോദിച്ചു: “നിങ്ങളുടെ പേരെന്താണ്?” അദ്ദേഹം പുഞ്ചിരിയോടെ ‘മമ്മൂട്ടി’ എന്ന് മറുപടി പറഞ്ഞു. ആ ലളിതമായ മറുപടി ഞങ്ങളുടെ ഹൃദയത്തില്‍ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം തന്റെ ക്യാമറ എടുത്ത് ഞങ്ങളുമായി ഒരുപാട് ഫോട്ടോയെടുത്തു. ഹോപ്പും മമ്മൂക്കയും ഒരുപാട് സെല്‍ഫികളുമെടുത്തു. സ്നേഹത്തോടെ, ഒരു അടുത്ത സൃഹുത്തിനെ പോലെ അത്രയും നേരം അദ്ദേഹം ഞങ്ങളുടെ ഒപ്പമിരുന്നു. അത്തരമൊരു പൂർണ്ണതയും, സൗമ്യതയും വാക്കുകളില്‍ ഒതുക്കാൻ കഴിയില്ല. മമ്മൂക്ക, ഈ സ്നേഹത്തിനും സമയം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിനും ഹൃദയത്തില്‍ നിന്ന് നന്ദി. ഈ വൈകുന്നേരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല.” ബേസില്‍ ജോസഫ് കുറിച്ചു.
സഹസംവിധായകനായി മലയാള സിനിമയില്‍ കരിയർ തുടങ്ങി, സംവിധായകനായും സഹ നടനായും ഇപ്പോള്‍ നായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന പ്രേക്ഷകരുടെ പ്രിയതാരം ബേസില്‍ ജോസഫ് സിനിമ നിർമ്മാണ രംഗത്തേക്ക് വരികയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ആനിമേഷൻ ടൈറ്റില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബേസില്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം ആദ്യമായി നിർമ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


