തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നും, അതത് ബാങ്കുകൾക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്ന വിഷയമാണിതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ എഴുതിത്തള്ളാനുള്ള അധികാരം നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസർക്കാർ തന്നെ നീക്കം ചെയ്തതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അതിനാൽ ദുരന്തബാധിതരുടെ വായ്പ സംബന്ധിച്ച തീരുമാനങ്ങൾ അതോറിറ്റിക്ക് എടുക്കാൻ സാധ്യമല്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
വായ്പ എഴുതിത്തള്ളാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി ഈ വർഷം ജനുവരി 31-നാണ് ആദ്യമായി കേന്ദ്രസർക്കാരിനോട് നിർദേശിച്ചത്.അതിനോട് പ്രതികരിച്ച് വായ്പ എഴുതിത്തള്ളാനാവില്ല, പക്ഷേ മൊറട്ടോറിയം (moratorium) പ്രഖ്യാപിക്കാൻ സാധ്യമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.എന്നാൽ, വായ്പ എഴുതിത്തള്ളൽ പരിഗണിക്കണമെന്ന് കോടതി പിന്നീട് വീണ്ടും നിർദേശിച്ചു. അതിനൊടുവിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സത്യവാങ്മൂലം.ഇപ്പോഴത്തെ നിലപാടനുസരിച്ച്, വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ബാങ്കുകളാണ്, കേന്ദ്രസർക്കാരല്ല.കേന്ദ്രം ഈ വിഷയത്തിൽ തീരുമാനം അറിയിക്കാൻ അധികസമയം കൂടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


