കോട്ടയം: സ്ഥലം വിൽപ്പന, വിദേശത്ത് ജോലി എന്നിവയുടെ പേരിലും ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പാസ്റ്റർ മണർകാട് പൊലീസിന്റെ പിടിയിലായി. കോട്ടയം നാട്ടകം മുളങ്കുഴ ജാസ് ആർക്കേഡിൽ പത്മനാഭൻ നമ്പൂതിരിയുടെ മകൻ പാസ്റ്റർ ടി.പി ഹരിപ്രസാദിനെ (45) യാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നാട്ടകം മുളങ്കുഴ കേന്ദ്രീകരിച്ച് ഇദ്ദേഹം പി.എം.ഐ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറുവിലാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിവിധ ആളുകളിൽ നിന്നും സ്ഥലം വിൽപ്പനയുടെ പേരിലും, വിദേശത്ത് ജോലിയുടെ പേരിലും അടക്കം ഇദ്ദേഹം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് സംഘം അന്വേഷണത്തിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ കുറച്ച് നാളുകളായി കുറമ്പനാട് സ്വദേശിനിയായ യുവതിയുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി തമിഴ്‌നാട്, ബാംഗ്ലൂർ, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവിടങ്ങളിലായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
ഇവിടെ നിന്നെല്ലാം മാറി കൊല്ലം ജില്ലയിലെ കപ്പിലണ്ടി മുക്കിലെ ഒരു ഫ്‌ലാറ്റിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇയാളെ മണർകാട് പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. മണർകാട് സ്വദേശിനിയായ പരാതിക്കാരിയിൽ നിന്നും 45 ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിന് മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നിർദ്ദേശാനുസരണം മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ജസ്റ്റിൻ എസ് മണ്ഡപം, എ. എസ്. ഐ മാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണൻ കെ.എൻ, രഞ്ജിത്ത്.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ളതാണ്. കോട്ടയം കുമരകം പോലീസ് സ്റ്റേഷനിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.


