ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യം. രണ്ടു സെഷനുകൾ പൂർത്തിയാകുമ്പോൾ ഒരു ഘട്ടത്തിലും വെസ്റ്റ് ഇൻഡീസിന് ആശ്വസിക്കാൻ വക നൽകാതെയാണ് ഇന്ത്യൻ ബാറ്റിംങ് പുരോഗമിക്കുന്നത്. സെഞ്ച്വറി നേടിയ യശശ്വി ജെയ്‌സ്വാൾ ഇന്ത്യൻ കോട്ട കാക്കുമ്പോൾ , അർദ്ധ സെഞ്ച്വറിയുടെ സായ് സുദർശൻ ഒപ്പമുണ്ട്..! ചായയക്കു പിരിയുമ്പോൾ ഇന്ത്യ ഒരു കെ.എൽ രാഹുലിന്റെ (38) മാത്രം വിക്കറ്റ് നഷ്ടമാക്കി 220 റൺ നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ രണ്ടു പേരും കൂടി നൽകിയത്. മികച്ച ഫോമിൽ ബാറ്റ് ചെയ്ത കെ.എൽ രാഹുൽ ഒരു സിക്‌സും അഞ്ച് ഫോറും പറത്തിയാണ് 38 റൺ നേടിയത്. നിർഭയമായായിരുന്നു രാഹുലിന്റെയും ജയ്‌സ്വാളിന്റെയും ബാറ്റിംങ്. ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബാറ്റിംങ് നിരയ്ക്ക് വെസ്റ്റ് ഇൻഡീസ് ബൗളർമാർ ഭീഷണി ആയതേയില്ല. എന്നാൽ, ഇന്ത്യൻ സ്‌കോർ 58 ൽ നിൽക്കെ വാരിക്കാനെ ക്രീസ് വിട്ടിറങ്ങി അടിയ്ക്കാനുള്ള കെ.എൽ രാഹുലിന്റെ ശ്രമം പിഴച്ചു. മിന്നൽ സ്റ്റമ്പിങ്ങിലൂടെ രാഹുൽ പുറത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ക്രീസിൽ എത്തിയ സായ് സുദർശൻ (132 പന്തിൽ 71) മികച്ച പിൻതുണയാണ് ജയ്‌സ്വാളിന് നൽകിയത്. കൃത്യമായ ഇടവേളകളിൽ സ്‌ട്രൈക്ക് കൈമാറി രണ്ട് താരങ്ങളും ഇന്ത്യൻ സ്‌കോർ ഉയർത്തിക്കൊണ്ടേയിരുന്നു. വെസ്റ്റ് ഇൻഡീസിനു വേണ്ടി ആറു ബൗളർമാർ പന്തെറിഞ്ഞെങ്കിലും ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബാറ്റർമാരെ പ്രതിരോധത്തിലേയ്ക്ക് മാറ്റാൻ ഇവർക്ക് സാധിച്ചതേയില്ല. 145 പന്തിൽ നിന്നാണ് ജയ്‌സ്വാൾ സെഞ്ച്വറി നേടിയത്. തൊട്ട് പിന്നാലെ തന്നെ സായ് സുദർശനും അര സെഞ്ച്വറി തികച്ചു. ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. ചായ്ക്ക് ശേഷം പരമാവധി ആക്രമിച്ച് കളിച്ച് റൺറേറ്റ് ഉയർത്തുകയാകും ഇന്ത്യയുടെ ലക്ഷ്യം.


