കോട്ടയം: മാണിക്കുന്നത്ത് കൊലപാതകം നടന്നത് 1500 രൂപയ്ക്ക് എം.ഡി.എം.എ കടമായി വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്. കോട്ടയം നഗരസഭ മുൻ അംഗവും കോൺഗ്രസ് നേതാവുമായ വി.കെ അനിൽകുമാറിന്റെ (ടിറ്റോ) വീടിനു മുന്നിൽ ഇദ്ദേഹത്തിന്റെ മകൻ അഭിജിത്തിന്റെ കുത്തേറ്റാണ് കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസ് ആദർശ്(23) കൊല്ലപ്പെട്ടത്.
ആദർശും അഭിജിത്തും തമ്മിൽ ലഹരി ഇടപാട് ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിക്കുന്ന വിവരം. ആദർശ് അഭിജിത്തിന്റെ പക്കൽ നിന്നും കഴിഞ്ഞ മാർച്ചിൽ 1500 രൂപയുടെ എം.ഡി.എം.എ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്‌കൂട്ടർ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തിൽ അഭിജിത്തിന്റെ സുഹൃത്ത് മുഖാന്തിരം 10000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി അഭിജിത്തും ആദർശും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഫോണിൽ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് കൊല്ലപ്പെട്ട ആദർശ് സുഹൃത്തായ റോബിനെയും കൂട്ടി ഇന്നലെ രാത്രിയിൽ ടിറ്റോയുടെ വീടിനു മുന്നിൽ എത്തിയത്. തുടർന്ന്, ഇരുവരും തമ്മിൽ വീടിനു മുന്നിൽ വച്ച് തർക്കം ഉണ്ടാകുകയായിരുന്നു. റോബിനും ആദർശും ചേർന്ന് ടിറ്റോയുടെ മകൻ അഭിജിത്തിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അഭിജിത്ത് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുത്തേറ്റ ആദർശ് സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. റോബിനാണ് കുത്തേറ്റ ആദർശിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ടിറ്റോയെയും മകനെയും കസ്റ്റഡിയിൽ എടുത്തു.


