കോട്ടയം: മാണിക്കുന്നം കൊലപാതകക്കേസിൽ പ്രതി അർദ്ധരാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് അരയിൽ കത്തി കരുതിയെന്ന് പൊലീസ് റിപ്പോർട്ട്. പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ വീട്ടിൽ ആദർശിനെ(23)യാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാരാപ്പുഴ മാണിക്കുന്നം ലളിതാ സദനത്തിൽ അഭിജിത്തിനെയാണ് (24) കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡറ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കവും വാക്കേറ്റവുമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച പകൽ മുഴവൻ പ്രതിയും കൊല്ലപ്പെട്ട യുവാവും തമ്മിൽ അസഭ്യം വിളിയും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് രാത്രി ഒന്നരയോടെ ആദർശ് സുഹൃത്തിനൊപ്പം അഭിജിത്തിന്റെ വീടിന്റെ വാതിലിൽ എത്തി പുറത്തേയ്ക്ക് വിളിച്ചതായി പൊലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം തന്റെ കയ്യിലുണ്ടായിരുന്ന കത്തി എടുത്ത് അരയിൽ തിരുകിയ ശേഷം അഭിജിത്ത് വീട്ടിൽ നിന്നും പുറത്തേയ്ക്ക് വരുന്നത് സിസിടിവി ക്യാമറയിൽ വ്യക്തമായതായി പൊലീസ് പറയുന്നു. ഇതിന് ശേഷം പുറത്ത് വച്ചുണ്ടായ തർക്കത്തിനിടെയാണ് അഭിജിത്ത് ആദർശിനെ കുത്തിയതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. അഭിജിത്ത് ഓൺലൈനിൽ നിന്നും വാങ്ങിയ കത്തിയാണ് കൊലനടത്താൻ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഉറയോട് കൂടിയ കത്തി ഓൺലൈനിൽ മാത്രമാണ് വാങ്ങാൻ ലഭിക്കുന്നത്. പ്രത്യേക കത്തിയാണ് ഇയാൾ ഓൺലൈനിൽ നിന്നും വാങ്ങിയതെന്നു പൊലീസ് കണ്ടെത്തി. ഈ കത്തി വീടിനു സമീപത്തെ തോട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം പൊലീസ് സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


