കട്ടപ്പന: തല മൊട്ടയടിച്ച് ‘വാക്ക് പാലിച്ച’ സ്ഥാനാർഥിയെന്ന പേരിൽ ശ്രദ്ധേയനായ മുൻ എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഇ.എം. ആഗസ്തിക്ക് വീണ്ടും തോൽവി. തൊടുപുഴ കട്ടപ്പന നഗരസഭയിലെ തിരഞ്ഞെടുപ്പിൽ ആഗസ്തി 60 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.1991, 1996 വർഷങ്ങളിൽ ഉടുമ്പൻചോലയിൽ നിന്നുമാണ് ഇ.എം. ആഗസ്തി നിയമസഭയിലെത്തിയത്. 2001-ൽ പീരുമേട്ടിൽ നിന്നുമാണ് അദ്ദേഹം എംഎൽഎയായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം. മണിയോട് ആഗസ്തി പരാജയപ്പെട്ടിരുന്നു.ആ പരാജയത്തിന് പിന്നാലെ ‘വാക്ക് പാലിച്ച’ നടപടിയാണ് ആഗസ്തിയെ വാർത്തകളിലേക്കെത്തിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ തല മൊട്ടയടിക്കുമെന്ന വെല്ലുവിളി ആഗസ്തി മുന്നോട്ടുവച്ചിരുന്നു. പരാജയത്തിന് പിന്നാലെ വാക്ക് പാലിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തല മൊട്ടയടിച്ച ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി.ഇടുക്കി ഡിസിസിയുടെ മുൻ അധ്യക്ഷനാണ് ഇ.എം. ആഗസ്തി. 2006-ൽ കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇത്തവണ കട്ടപ്പന നഗരസഭ അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. നിലവിൽ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.


