ഉന്നതവിദ്യാഭ്യാസ രംഗം സിപിഎം പ്രതിസന്ധിയിലാക്കി;വി.സി നിയമനങ്ങൾ വൈകാൻ കാരണം ഇടതുപക്ഷം;സിപിഎമ്മിന് വൈകിയെങ്കിലും വിവേകം ഉദിച്ചല്ലോയെന്ന രൂക്ഷ വിമർശനവുമായി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം:സിപിഎമ്മിന് വൈകിയെങ്കിലും വിവേകം ഉദിച്ചതായി സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. സിപിഎമ്മും അതിന്റെ പോഷക സംഘടനകളും ചേർന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധമാണ് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ നിയമക്കുരുക്കിലാക്കാൻ കാരണമായതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാർട്ടിയുടെ പോഷക സംഘടനകളിലെ വിദ്യാർത്ഥികളും അധ്യാപകരും മാസങ്ങളോളം സിസ തോമസിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമങ്ങൾ നടത്തിയതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ നിരവധി ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കൾ അറസ്റ്റിലാകുകയും റിമാൻഡിലാകുകയും ചെയ്തതായി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഗവർണറുമായി ചർച്ച നടത്താൻ സുപ്രീം കോടതി മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടും, പാർട്ടി നിർദ്ദേശപ്രകാരം രണ്ട് മന്ത്രിമാരെ മാത്രമാണ് ചർച്ചയ്ക്കായി അയച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കണ്ടപ്പോഴാണ് വിഷയത്തിന് പരിഹാരമായതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർവകലാശാലാ സെലക്ഷൻ കമ്മിറ്റികളിലേക്ക് പ്രതിനിധികളെ അയക്കുന്നതിൽ നിന്ന് സെനറ്റുകളെ തടഞ്ഞും, ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെ ചോദ്യം ചെയ്തും സർക്കാർ ബോധപൂർവ്വം വി.സി നിയമനങ്ങൾ തടസപ്പെടുത്തിയതായും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കൃത്യനിർവഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി അന്നത്തെ രജിസ്ട്രാർ ഡോ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തപ്പോൾ സിപിഎമ്മും സിൻഡിക്കേറ്റ് അംഗങ്ങളും ചേർന്ന് കേരള സർവകലാശാലാ ക്യാമ്പസിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടർന്ന് നിരവധി ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ഡോ. അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് നീക്കി സ്വന്തം കോളേജിലേക്ക് തിരിച്ചയക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകം ഉദിച്ചത് സ്വാഗതാർഹമാണെന്നും, പാർട്ടി തങ്ങളുടെ തെറ്റുകൾ സമ്മതിച്ച് നടത്തിയ അതിക്രമങ്ങൾക്ക് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ ഗവർണർ സ്വീകരിച്ച ക്രിയാത്മകമായ നടപടികൾക്ക് ബിജെപി നന്ദി രേഖപ്പെടുത്തുന്നതായും, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി ഗവർണർക്ക് എല്ലാ പിന്തുണയും നൽകുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Hot Topics

Related Articles