കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ. ബദറുദീൻ ആണ് ജാമ്യം നിഷേധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ. എസ്. ബൈജു എന്നിവരാണ് ജാമ്യഹർജി നൽകിയിരുന്നത്. നേരത്തെ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു.ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, ശ്രീകോവിലിലെ കട്ടിളപ്പാളികൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുവെന്നാണ് ഇവർക്കെതിരായ കേസ്.
ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പുപാളികളാണെന്ന പേരിൽ സ്വർണം പൂശുന്നതിനായി കൈമാറിയ കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു.കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ കമ്മിഷണറായിരുന്ന എൻ. വാസു നിർദേശം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ പ്രതിചേർത്തത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. ഏഴാം പ്രതിയാണ് കെ. എസ്. ബൈജു.2019ൽ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈകളിൽ ഏൽപ്പിച്ച സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. മുരാരി ബാബുവും ബൈജുവും രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണപ്പാളികൾ പൊതിഞ്ഞതാണെന്ന് രേഖപ്പെടുത്തുന്നതിനുപകരം ചെമ്പാണെന്ന് രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡിലെ ഉന്നതർക്കും പങ്കുണ്ടെന്ന വാദമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഉന്നയിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണം പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.അതേസമയം, നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും, അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നും പ്രതികൾ വാദിച്ചു. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുത്തിട്ടില്ലെന്നും സ്വർണപ്പാളികൾ പൊതിഞ്ഞതാണെന്നതിന് രേഖാമൂലം തെളിവുകളില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപങ്ങളെ ചെമ്പുപാളികളെന്നു വിശേഷിപ്പിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019 ജൂലൈ 3ന് എടുത്ത തീരുമാനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടെന്ന് നേരത്തെ മറ്റൊരു ജാമ്യഹർജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ബോർഡ് തീരുമാനത്തിലും ബന്ധപ്പെട്ട മഹസറുകളിലും പാളികൾ ചെമ്പ് പൂശിയതെന്ന് രേഖപ്പെടുത്തിയാൽ സ്വർണം കവർച്ച ചെയ്യാനും വിറ്റ് പണമുണ്ടാക്കാനും കഴിയുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതേ കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ ജാമ്യഹർജിയും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.കേസിലെ മറ്റൊരു പ്രതിയായ എ. പത്മകുമാറിന്റെ ജാമ്യഹർജിയും ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.


