പുളിക്കൽകവല: വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ കുഞ്ഞുങ്ങൾ കുട്ടികൾ നന്മയുടെ പുത്തൻപാഠം പകർന്നു നൽകി. ക്രിസ്മസ് ആഘോഷത്തിനും പള്ളിപ്പെരുന്നാളിനും പുത്തനുടുപ്പുകൾ വാങ്ങാനും കളിപ്പാട്ടങ്ങൾ വാങ്ങാനും നൽകിയ ചെറിയ തുകകളും കുടുക്കയിൽ നിക്ഷേപിച്ച നാണയത്തുട്ടുകളും വീടില്ലാത്തവർക്ക് വീടിനുള്ള ചെറിയ തുകയായും രോഗികൾക്ക് മരുന്നിനുള്ള തുകയായും എണ്ണി നോക്കാതെ തങ്ങളുടെ വലിയ ഇടയനായ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ സഹോദരൻ പദ്ധതിയിലേക്ക് നൽകി. കുഞ്ഞുങ്ങൾ നേതൃത്വം നൽകിയ ഈ ജീവകാരുണ്യ ഉദ്യമത്തിലേക്ക് ഇടവകയിലെ മുഴുവൻ ഭവനങ്ങളും പങ്കാളികളായി.വാഴൂർ പള്ളിയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥിയായും സൺഡേ സ്കൂൾ അധ്യാപകനായും മദ്ബഹ ശുശ്രൂഷകനായും ജീവകാരുണ്യത്തിന്റെ നല്ല മാതൃക പകർന്നു നൽകിയ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായ്ക്ക് മാതൃക ഇടവകയിലെ തൻ്റെ കുഞ്ഞുമക്കൾ നൽകിയത് ക്രിസ്തുമസ്സിന്റെ അപ്രതീക്ഷിത സമ്മാനവും പുതുവർഷത്തിന്റെ കൈനീട്ടവുമായി. ക്രിസ്തുമസും വലിയ പെരുന്നാൾ ദിനങ്ങളും ആഘോഷങ്ങളോടൊപ്പം നിരാലംബരും നിർധനരുമായ സഹോദരങ്ങളെ ചേർത്തു പിടിക്കാനുള്ള ദിനങ്ങളാണെന്നും കുഞ്ഞുങ്ങൾ നൽകിയ മാതൃകാപരമായ പ്രവർത്തി മുതിർന്നവർക്കും ജീവിത മാതൃകയാകട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
വാഴൂർ പള്ളിയിലെ കുരുന്നുകൾനൻമയുടെ നല്ല പാഠം : പാവങ്ങൾക്ക് സഹായം നൽകി കുരുന്നുകൾ


