തൊണ്ടിമുതലിൽ കൃത്രിമത്വം; ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാർ കൗൺസിൽ

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. അടുത്ത ബാർ കൗൺസിലിൽ തീരുമാനമെടുക്കും. ബാർ കൗൺസിൽ അച്ചടക്ക സമിതിയോട് തുടർനടപടിക്ക് നിർദ്ദേശിക്കും. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ആന്റണി രാജുവിന്റെ നടപടി നാണക്കേട് എന്ന് ബാർ കൗൺസിൽ പ്രസിഡന്റ് ടി എസ് അജിത് ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.

Advertisements

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിന് തടവും പിഴയും വിധിച്ചത്. കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിനും ഉദ്യോഗസ്ഥ വഞ്ചനക്ക് ഒരു വർഷം അധിക തടവും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. തൊണ്ടിമുതൽ അട്ടിമറി കേസിൽ കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽവിധി വരുന്നത്. കോടതിവിധിയോടെ ആൻറണി രാജു അയോഗ്യനായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ  സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻറണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു പിടിയിലായത്.  നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിൻെറ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻറണി രാജു തൊണ്ടി ക്ലർക്കിൻെറ സഹായത്തോടെ കോടതിയിൽ നിന്നു പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു. 

തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് നാലു വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെ വിട്ടു.  ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളതെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന,  വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്ക് ആൻറണി രാജുവിനെയും ജോസിനെയും കോടതി ശിക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വ‍ർഷം ശിക്ഷിച്ചത്. മററ് വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്നു വ‍ർഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്നു വർഷവും  വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാൽ ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന ്പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

അട്ടിമറി വ്യക്തമായതോടെ ലഹരിക്കേസ് അന്വേഷിച്ച  മുൻ എസ്പി ജയമോഹൻ നടത്തിയ നിയപോരാട്ടത്തിനൊടുവിലാണ് വഞ്ചിയൂർ പൊലിസ് കേസെടുത്തത്. നിരവധി പ്രാവശ്യം അന്വേഷണം അട്ടിമറിക്കപ്പെട്ടു. 2005ൽ ഉത്തരമേഖല ഐജിയായിരുന്ന സെൻകുമാറിൻെറ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതിവരെ ജയമോഹൻ നിയമപരാട്ടം നടത്തിയിരുന്നു. വിദേശിയായ പ്രതി ശിക്ഷിക്കപ്പെട്ടപ്പോള്‍ താനൊരു ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആൻറണി രാജു കോടതി വരാന്തയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതാണ് സംശയം വർദ്ധിച്ചതും തുടർന്നുള്ള അന്വേഷണത്തിന് ഇടയാക്കിയതും.

മജിസ്ട്രേറ്റ് കോടതിക്ക് നൽകാവുന്ന പരമാവധി ശിക്ഷയായ മൂന്നു വർഷം ലഭിച്ചതിനാൽ ആൻറണി രാജുവിന് ജാമ്യം ലഭിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടതോടെ ആൻറണി രാജുവിൻെറ അയോഗ്യനായി. തെരെഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനും കഴിയില്ല. സ്റ്റേ വാങ്ങിയാലും അയോഗ്യത നീങ്ങില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ആൻറണി രാജു ഉടൻ അപ്പീൽ നൽകും.

Hot Topics

Related Articles