മുംബൈ: അണ്ടര്‍ 19 ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു. ഓപ്പണർ വൈഭവ് സൂര്യവൻഷി അടക്കം 3 ഇന്ത്യൻ താരങ്ങള്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ക്യാപ്റ്റൻ ആയുഷ് മാത്രെ പുരത്തായി. അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. പതിനാലുകാരൻ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയടക്കം മൂന്ന് ഇന്ത്യൻ താരങ്ങള്‍ ഐസിസിയുടെ ലോകകപ്പ് ടീമില്‍ ഇടം നേടി.
ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവൻഷിയാണ് ഐസിസി തെരഞ്ഞടുത്ത ലോകകപ്പ് ടീമിന്‍റെ ഓപ്പണര്‍. ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും വൈഭവ് തന്നെയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 439 റണ്‍സാണ് വൈഭവ് അടിച്ചത്. 62.71 ശരാശശരിയും 169.49 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. 30 സിക്‌സും 41 ഫോറും വൈഭവ് പറത്തി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിന്‍റെ തോമസ് റ്യൂ ആണ് ഐസിസി ടീമിനെ നയിക്കുന്നത്. ടൂർണമെന്‍റില്‍ 330 റണ്‍സ് നേടിയ റ്യൂ തന്നെയാണ് ടീമിന്‍റെ വിക്കറ്റ് കീപ്പറും. സെമിയിലും ഫൈനലിലും അര്‍ധസെഞ്ചുറികള്‍ നേടുകയും ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി കിരീടം നേടുകയും ചെയ്തെങ്കിലും ബാറ്ററെന്ന നിലയില്‍ ആയുഷ് മാത്രെക്ക് മികവ് കാട്ടാനാവാതിരുന്നതാണ് ലോകകപ്പ് ടീമിലെ ഇടം നഷ്ടമാക്കിയത്.
ഏഴ് മത്സരങ്ങളില്‍ നിന്ന് 444 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ ഇംഗ്ലണ്ട് താരം ബെൻ മെയ്‌സാണ് ഐസിസി ടീമിലും മൂന്നാം നമ്പര്‍ സ്ഥാനത്തുള്ളത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരം നേടി. 191 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 74.00. ഫൈനലില്‍ 45 റണ്‍സ് നേടിയതോടെ മെയ്‌സ് റണ്‍വേട്ടയില്‍ വൈഭവിനെ മറികടന്ന് ഒന്നാമനായിരുന്നു. ഇന്ത്യക്കെതിരായ സെഞ്ചുറി അടക്കം ആറ് മത്സരങ്ങളില്‍ നിന്ന് 435 റണ്‍സെടുത്ത അഫ്ഗാന്‍ താരം ഫൈസല്‍ ഷിനസോദയും ലോകകപ്പ് ടീമിലുണ്ട്. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 163 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സെമിയില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ നൂറിസ്താനി ഒമർസായിയും ഐസിസി ലോകകപ്പ് ടീമിലെത്തി.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 310 റണ്‍സ് അടിച്ചെടുത്ത ശ്രീലങ്കന്‍ താരം വിരന്‍ ചമുഡിത ആണ് വൈഭവിന്‍റെ ഓപ്പണിംഗ് പങ്കാളി. 192 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 62.00 ശരാശരിയും 122.04 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
വൈഭവിനൊപ്പം ഓള്‍റൗണ്ടർ കനിഷ്ക് ചൗഹാൻ, ബൗളർ ഹെനില്‍ പട്ടേല്‍ എന്നിവരാണ് ലോകകപ്പ് ടീമിലിടം നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങള്‍. ഏഴ് കളികളില്‍ 7 വിക്കറ്റും 113 റണ്‍സും നേടിയ ഓള്‍ റൗണ്ടര്‍ കനിഷ്ക് ചൗഹാന്‍ ലോകകപ്പ് ടീമിന്‍റെ മധ്യനിരയില്‍ ഇടം പിടിച്ചപ്പോള്‍ പന്ത്രണ്ടാമനായാണ് ഹെനില്‍ പട്ടേല്‍ ടീമിലെത്തിയത്. അമേരിക്കയ്‌ക്കെതിരെ 16 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയതടക്കം ടൂർണമെന്‍റിലാകെ 11 വിക്കറ്റുകള്‍ നേടിയ പ്രകടനമാണ് ഹെനില്‍ പട്ടേലിനെ ടീമിലെത്തിച്ചത്. ഫൈനലില്‍ വൈഭവിന് മുന്നില്‍ അടിപതറിയെങ്കിലും 16 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ഇംഗ്ലണ്ട് പേസര്‍ മാന്നി ലംസ്‌ഡനും ഐസിസി ലോകകപ്പ് ടീമിലെത്തി.
വൈഭവ് സൂര്യവംശി (ഇന്ത്യ),വീരൻ ചാമുദിത (ശ്രീലങ്ക),ബെൻ മെയ്‌സ് (ഇംഗ്ലണ്ട്),തോമസ് റ്യൂ (ക്യാപ്റ്റൻ/കീപ്പർ – ഇംഗ്ലണ്ട്), ഒലിവർ പീക്ക് (ഓസ്‌ട്രേലിയ), ഫൈസല്‍ ഖാൻ ഷിനോസാദ (അഫ്ഗാനിസ്ഥാൻ), കനിഷ്ക് ചൗഹാൻ (ഇന്ത്യ) നൂറിസ്താനി ഒമർസായ് (അഫ്ഗാനിസ്ഥാൻ),വിറ്റല്‍ ലോസ് (വെസ്റ്റ് ഇൻഡീസ്),മാന്നി ലംസ്‌ഡൻ (ഇംഗ്ലണ്ട്),അലി റാസ (പാകിസ്ഥാൻ), ഹെനില്‍ പട്ടേല്‍ (ഇന്ത്യ – പന്ത്രണ്ടാമൻ).


