ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ആലോചനയില്‍ ഇന്ത്യ. തെരഞ്ഞെടുപ്പ് പ്രഹസനം ആണെന്ന ഷെയ്ക് ഹസീനയുടെ പ്രസ്താവന ഇന്ത്യ തല്‍ക്കാലം കണക്കിലെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ വൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. 300 അംഗ പാർലമെന്റില്‍ ഇരുന്നൂറിലേറെ സീറ്റുകളില്‍ ബിഎൻപി വിജയം നേടി. ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഏഴു വനിതാ സ്ഥാനാർത്ഥികള്‍ ജയിച്ചതില്‍ ആറു പേരും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയില്‍ നിന്നാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് തന്‍റെ പ്രഥമ പരിഗണന എന്ന് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ പറഞ്ഞു. പുതിയ ബംഗ്ലാദേശിന്‍റെ പിറവി സംഭവിച്ചിരിക്കുന്നു എന്നാണ് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനൊപ്പം ചില സുപ്രധാന നിയമ ഭേദഗതികളില്‍ ഹിതപരിശോധനയും നടന്നിരുന്നു. ഒരാള്‍ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമ ഭേദഗതി വോട്ടർമാർ അംഗീകരിച്ചു. പാർലമെന്റിന് പുതിയ ഉപരിസഭ രൂപീകരിക്കാനുള്ള തീരുമാനത്തിനും ഹിതപരിശോധനയില്‍ അംഗീകാരം കിട്ടി. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും ഫലം റദ്ദാക്കണമെന്നും ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്ക് നേട്ടമുണ്ടാക്കാനായില്ല. സഖ്യത്തിന് നൂറു സീറ്റു പോലും തികച്ച് ലഭിച്ചില്ല. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്‍റെ നായകർ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാർട്ടിക്കും നേട്ടം ഉണ്ടാക്കാനായില്ല. ജമാഅത്തുമായി ഉണ്ടാക്കിയ സഖ്യം സിറ്റിസണ്‍ പാർട്ടിക്ക് വലിയ ക്ഷീണമായി. തോല്‍വി അംഗീകരിച്ച ജമാഅത്ത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചു.
ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശില്‍ അധികാര കസേരയിലേക്ക് എത്തുമ്പോള്‍ മുന്നിലുള്ളത് കനത്ത വെല്ലുവിളികള്‍ ആണ്. ആഭ്യന്തരമായി വലിയ സംഘർഷങ്ങള്‍ ബംഗ്ലാദേശ് നേരിടുന്ന കാലത്താണ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുന്നത്. പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. 300 അംഗ പാർലമെന്റില്‍ ഇരുന്നൂറിലേറെ സീറ്റുകളില്‍ ബിഎൻപി വിജയം നേടി. ജമായത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല.
അധികാരം പുതുമയല്ല താരിഖ് റഹ്മാന്. ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകൻ. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും രാജ്യത്തിൻറെ പ്രസിഡന്റുമായ പിതാവ് സിയാവുർ റഹ്മാൻ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 1981 ല്‍. അന്ന് താരിഖ് റഹ്മാന് വെറും 16 വയസ്. സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളില്‍ കരുത്തനായി താരിഖ് റഹ്മാൻ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാർട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാൻ.


