ഹാസൻ: 30 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമായി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെ കാണാതായി. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലുള്ള കല്‍ക്കരെ എന്ന സ്ഥലത്താണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ കാണാതായ 29കാരിയുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ ജീവൻ അപകടത്തിലാണെന്ന ആശങ്കയിലാണ് വീട്ടുകാരുള്ളത്. തുംകൂർ ജില്ലയിലെ കുനിഗല്‍ സ്വദേശിനിയായ പ്രിയങ്കയെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസിന്റെ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ചിക്കമംഗളൂരില്‍ നടന്ന കല്യാണത്തില്‍ പങ്കെടുക്കാനാണ് യുവതി എത്തിയത്.
ഫെബ്രുവരി 12 രാത്രി ഏഴരയോടെ പ്രിയങ്ക വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരിചയമുള്ള ആരെയോ കണ്ടുവെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഫോണ്‍ കട്ടായി. പിന്നാലെ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാവുകയും ചെയ്തു. ബേലൂർ ബസ് സ്റ്റാൻഡില്‍ വച്ചാണ് യുവതിയെ കാണാതായത്. യുവതി കാണാതാവുന്ന സമയത്ത് 30 ലക്ഷം വില വരുന്ന സ്വർണാഭരണങ്ങള്‍ ധരിച്ചിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയതിനാലാണ് ഇത്രയധികം സ്വർണം അണിഞ്ഞതെന്നും കുടുംബം പറയുന്നത്. സ്വർണം ലക്ഷ്യമിട്ട് മോഷ്ടാക്കള്‍ യുവതിയെ ആക്രമിച്ചുവെന്ന ആശങ്കയിലാണ് കുടുംബമുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിയങ്കയുടെ ഫോണ്‍ സ്വിച്ച് ഓഫായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാൻ ബന്ധുക്കള്‍ അരഹള്ളി, ബേലൂർ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ ഉടനടി നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. നിലവില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പ്രിയങ്ക വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഭവ സ്ഥലത്ത് യുവതിയുടെ ബാഗും ചെരിപ്പും അടിവസ്ത്രങ്ങളും കണ്ടെത്തിയത്. ഇതിന് പിന്നാലെ ഹാസൻ റൂറല്‍ പൊലീസ് യുവതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


