അസം: ഗുവാഹത്തിയുടെയും വടക്കൻ ഗുവാഹത്തിയുടെയും മുഖച്ഛായ മാറ്റുന്ന കുമാർ ഭാസ്കർ വർമ്മ പാലം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുത്ര നദിക്ക് കുറുകെ 3,300 കോടി രൂപ ചിലവഴിച്ചാണ് ഈ ആറുവരിപ്പാലം നിർമ്മിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ ‘എക്‌സ്ട്രാ ഡോസ്ഡ്’ (Extradosed) പാലം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഗിർഡർ പാലങ്ങളുടെയും കേബിള്‍ പാലങ്ങളുടെയും സങ്കേതങ്ങള്‍ സമന്വയിപ്പിച്ചുള്ള ആധുനിക സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ പാലം യാഥാർത്ഥ്യമായതോടെ ഗുവാഹത്തിയില്‍ നിന്നും വടക്കൻ ഗുവാഹത്തിയിലേക്കുള്ള യാത്രാസമയം 45 മിനിറ്റില്‍ നിന്നും വെറും 7 മിനിറ്റായി ചുരുങ്ങും. 8.4 കിലോമീറ്റർ നീളമുള്ള കണക്റ്റിവിറ്റി കോറിഡോറിന്റെ ഭാഗമായ ഈ പാലം അസമിലെ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ഭൂകമ്പ സാധ്യതയുള്ള മേഖലയായതിനാല്‍ പ്രത്യേക ‘ബേസ് ഐസൊലേഷൻ’ സാങ്കേതികവിദ്യയും പാലത്തിന്റെ ആരോഗ്യനില തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
പാലം ഉദ്ഘാടനത്തിന് മുന്നോടിയായി ദിബ്രുഗഡില്‍ നടന്ന ചരിത്രപരമായ ചടങ്ങാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് സ്ട്രിപ്പില്‍ വ്യോമസേനയുടെ സി-130 ജെ (C-130J) സൂപ്പർ ഹെർക്കുലീസ് വിമാനത്തില്‍ പ്രധാനമന്ത്രി നേരിട്ട് പറന്നിറങ്ങി. ദേശീയ പാതയിലെ മോറാൻ ബൈപ്പാസില്‍ ഏകദേശം 100 കോടി രൂപ ചിലവഴിച്ചാണ് 4.2 കിലോമീറ്റർ നീളമുള്ള ഈ റണ്‍വേ നിർമ്മിച്ചിരിക്കുന്നത്. യുദ്ധകാലത്തോ പ്രകൃതിക്ഷോഭ സമയത്തോ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും ലാൻഡിങ്ങിനായി ഈ ഹൈവേ ഉപയോഗിക്കാൻ സാധിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സുഖോയ്-30 എംകെഐ, റഫാല്‍ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും നടന്നു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മേഖലയില്‍ ഇത്തരമൊരു സൗകര്യം വരുന്നത് ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് വലിയ കരുത്തുപകരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാള്‍ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. കേവലം ഗതാഗത സൗകര്യത്തിനപ്പുറം വടക്കൻ ഗുവാഹത്തിയെ ഒരു ‘ട്വിൻ സിറ്റി’യായി വികസിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഈ പുതിയ പാലം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്താൻ സാധിക്കുന്നതോടെ അസമിലെ റിയല്‍ എസ്റ്റേറ്റ്, വ്യാപാര മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ഈ രണ്ട് പദ്ധതികളും ഒരു നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


