മുൻ കാമുകിയുടെ ആത്മഹത്യ; ബ്രേക്കപ്പ് ആയി എന്നത് അത്മഹത്യാ പ്രേരണ കുറ്റമാകില്ല; നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി 

ന്യൂഡല്‍ഹി: ബ്രേക്കപ്പ് ആയി എന്നത് ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കാര്യമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുൻ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഡല്‍ഹി ഹൈക്കോടതി ജഡ്ജി മനോജ് ജെയിൻ ആണ് ഇത്തരത്തില്‍ നിരീക്ഷിച്ചത്.

Advertisements

2025 ഒക്ടോബറിലായിരുന്നു സംഭവം. പ്രണയബന്ധം പിരിഞ്ഞതിന് ശേഷം യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നാലെയാണ് മുൻ കാമുകിയായ യുവതി ആത്മഹത്യ ചെയ്തത്. തുടർന്ന് യുവതിയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു. എട്ട് വർഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. എന്നാല്‍ വെവ്വേറെ മതങ്ങളില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാർ അവരുടെ പ്രണയബന്ധത്തെ എതിർത്തു. പിന്നാലെയാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവാവ് മറ്റൊരു വിവാഹം കഴിച്ച്‌ അഞ്ച് ദിവസത്തിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത് എന്ന് അറിയില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. എട്ട് വർഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവാവിനെതിരെ ഒരു പരാതി പോലും യുവതിക്കുണ്ടായിട്ടില്ല. അവരുടെ ഡയറിയില്‍ പോലും യുവാവിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹമാണ് എഴുതിയിരുന്നത് എന്നതും കോടതി നിരീക്ഷിച്ചു. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത് സഹിക്കവയ്യാതെയാകാം ആത്മഹത്യ ചെയ്തത് എന്ന സുഹൃത്തുക്കളുടെ വാദവും കോടതി മുഖവിലയ്‌ക്കെടുത്തു.

യുവാവും യുവതിയും പരസ്പരമുള്ള ആശയവിനിമയം അവസാനിപ്പിച്ച തിയ്യതിയും, യുവതി ആത്മഹത്യ ചെയ്ത തിയ്യതിയും തമ്മില്‍ ദിവസങ്ങളുടെ അന്തരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്താണ് യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Hot Topics

Related Articles