ചെന്നൈ: ഡൽഹിയ്ക്കെതിരായ വിജയത്തോടെ ട്രാക്കിലായ ചെന്നൈ കൊൽക്കത്തയ്ക്കെതിരെ രണ്ടാം ജയത്തോടെ ആധിപത്യം ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേയ്ക്കു തിരിച്ചെത്തിയ സഞ്ജു അര സെഞ്ച്വറിയ്ക്കതിരെ പുറത്തായെങ്കിലും ഓൾറൗണ്ട് മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായ കൊൽക്കത്ത ചെന്നൈയെ ബാറ്റിംങിന് അയക്കുകയായിരുന്നു. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടമാക്കി ചെന്നൈ ഉയർത്തിയ 192 ന് എതിരെ ഏഴു വിക്കറ്റ് നഷ്ടമാക്കി 170 റൺ മാത്രമാണ് എടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറികളോടെയാണ് സഞ്ജു തുടങ്ങിയത്. സഞ്ജു നൽകിയ മികച്ച തുടക്കം പക്ഷേ റിതുരാജിന് മുതലാക്കാനായില്ല. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ അങ്കുൾ റോയിയുടെ പന്തിൽ പവലിന് ക്യാച്ച് നൽകി റിതു (7) മടങ്ങി. 2.2 ഓവറിൽ 25 റണ്ണിൽ ടീം സ്കോർ നിൽക്കെയാണ് റിതു വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പകരം ക്രീസിൽ എത്തിയ ആയുഷ് മാത്രേ (38) സഞ്ജുവിന് മികച്ച പിൻതുണ നൽകി. ആറു സിക്സും 16 ഫോറും പറത്തി മികച്ച ടച്ചിലായിരുന്നു മാേ്രത ബാറ്റ് ചെയ്തിരുന്നത്. പവർപ്ലേ അവസാനിക്കുന്ന അവസാന പന്തിൽ വൈഭവ് അറോറയുടെ പന്തിൽ രമൺദീപിന് ക്യാച്ച് നൽകിയാണ് ആയുഷ് പുറത്തായത്. ചെന്നൈ സ്കോർ 100 കടത്തിയ ശേഷം അരസെഞ്ച്വറിയ്ക്കരികെ സഞ്ജു പുറത്തായത് ചെന്നൈ ആരാധകർക്ക് നിരാശയായി. മൂന്നു സിക്സും നാലു ഫോറും പറത്തിയ സഞ്ജു 32 പന്തിലാണ് 48 റൺ എടുത്തത്. കാർത്തിക് ത്യാഗിയുടെ മികച്ച പന്തിൽ ക്ലീൻ ബൗൾഡായാണ് സഞ്ജു മടങ്ങിയത്.
പിന്നാലെ ക്രീസിൽ എത്തിയ സർഫാസ് ഖാൻ പതിവ് പോലെ കാമിയോ റോൾ ഭംഗിയായി നിറവേറ്റി. 18 പന്തിൽ 23 റണ്ണെടുത്ത സർഫാസിന്റെ ബാറ്റിൽ നിന്നും രണ്ടു സിക്സും ഒരു ഫോറും പറന്നിരുന്നു. സുനിൽ നരേന്റെ പന്തിൽ സർഫാസ് ക്ലീൻ ബൗൾഡ് ആകുമ്പോൾ 16.1 ഓവറിൽ 162 ൽ എത്തിയിരുന്നു ചെന്നൈ. മികച്ച ടച്ച് ലഭിച്ചു കളിച്ചിരുന്ന ബ്രവീസിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷകളെല്ലാം. ടീം സ്കോർ 200 കടത്തുമെന്ന പ്രതീക്ഷയോടെ ബ്രവീസ് ബാറ്റ് വീശുന്നതിനിടെ കാർത്തിക് ത്യാഗിയുടെ പന്തിൽ അറോറയ്ക്കു ക്യാച്ച് നൽകിയാണ് ബ്രവീസ് പുറത്തായത്. 29 പന്തിൽ 41 റണ്ണാണ് ഈ സമയം ബ്രവീസ് നേടിയിരുന്നത്.
പിന്നീട്, ശിവം ദുബൈയും (13), ജാമി ഓവർടണ്ണും (7) ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ കളി അവസാനിപ്പിച്ചു. കാർത്തിക് ത്യാഗി കൊൽക്കത്തയ്ക്കായി രണ്ടു വിക്കറ്റും, സുനിൽ നേരേനും അങ്കുൾ റോയിയും വൈഭവ് അറോറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച കൊൽക്കത്തയ്ക്കായി സുനിൽ നരേനാണ് ഓപ്പണിംങിൽ ഇറങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ഫിൻ അലനെ (1) പൂട്ടിയ കാംബോജ് ചെന്നൈയ്ക്ക് മികച്ച തുടക്കം നൽകി. ആദ്യം റിതുരാജ് ക്യാച്ച് താഴെയിട്ട സുനിൽ നരേൻ മികച്ച ടച്ചിലേയ്ക്കു നീങ്ങുന്നതിനിടെ നൂർ അഹമ്മദ് പന്തെടുത്തു. രണ്ടാം പന്തിൽ തന്നെ സുനിൽ നരേനെ (24) പുറത്താക്കിയ നൂർ കളി ചെന്നൈയിലേയ്ക്കു തിരിച്ചു. രഘുവംശിയും (27) ക്യാപ്റ്റൻ രഹാനെയും(28) ചേർന്ന് 50 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി കൊൽക്കത്തയെ കളിയിലേയ്ക്കു തിരിച്ച് കൊണ്ടുവരുന്നതിനിടെ അക്കീൽ ഹൊസൈൻ ചെന്നൈയുടെ രക്ഷകരായി. രഘുവംശിയെ ബ്രവീസിന്റെ കയ്യിലെത്തിച്ചു കളി വീണ്ടും തിരിച്ചു.
തൊട്ടു പിന്നാലെ രഹാനെയും (28) കാമറൂൺ ഗ്രീനും(0) കൂടി വീണതോടെ കൊൽക്കത്ത 85 ന് അഞ്ച് എന്ന നിലയിൽ തകർന്നു. തുടർച്ചയായ രണ്ടു പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദാണ് കളി ചെന്നൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. തൊട്ടു പിന്നാലെ റിങ്കു സിങ്ങിനെ (6) കൂടി നൂർ വീഴ്ത്തിയതോടെ നൂറ് കടക്കും മുൻപ് കൊൽക്കത്തയ്ക്ക് ആറു വിക്കറ്റ് നഷ്ടമായി. പിന്നീട് റോവ്മാൻ പവലും (പുറത്താകാതെ 31), രമൺദീപ് സിംങും (26) ക്രീസിൽ നിലയുറപ്പിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. അവസാന ഓവറിൽ രമൺദീപ് സിംങിനെ പുറത്താക്കി കാംബോജ് ചെന്നൈ വിജയം കൂടുതൽ ഉജ്വലമാക്കി. അങ്കുൾ റോയി പുറത്താകാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി നൂർ അഹമ്മദ് മൂന്നും, കാംബോജ് രണ്ടും, ഖലിൽ, അകീൽ ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

