കോട്ടയം : ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു ചന്തകൾക്ക് മികച്ച പ്രതികരണം ലഭിച്ച് 42 ലക്ഷം രൂപയുടെ വിറ്റുവരവ് കൈവരിച്ചു. ജില്ലയിലെ 78 സിഡിഎസുകളാണ് വിഷു ചന്തകൾ നടത്തിയത്. ഏപ്രിൽ 10 മുതൽ 14 വരെ നടന്ന മേളകൾക്ക് തുടക്കം മുതൽ തന്നെ വലിയ ജനപങ്കാളിത്തം ഉണ്ടായി.
വിഷുക്കാലത്തെ മുന്നിൽക്കണ്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലും നഗരസഭകളിലും വിപണനമേളകൾ സംഘടിപ്പിച്ചു.
ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും സൂക്ഷ്മസംരംഭങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മേളയെ സമ്പന്നമാക്കി.
പായസമേളയും പ്രത്യേക വിഷു കിറ്റുകളും മേളയിലെ പ്രധാന ആകർഷണങ്ങളായി. സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന കൃഷിഗ്രൂപ്പുകൾ ഒരുക്കിയ തണ്ണിമത്തൻ, കണിവെള്ളരി, ചീര, പയർ തുടങ്ങിയ വിഷരഹിത കാർഷികോൽപ്പന്നങ്ങൾ വലിയ വരവേൽപ്പ് നേടി. ഇതോടൊപ്പം ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ എന്നിവയും വിപണിയിൽ എത്തിച്ചു.
ഓരോ സിഡിഎസുകളിലെയും സംഘകൃഷി യൂണിറ്റുകളുടെയും കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകളുടെയും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും വിപണനത്തിനായി ഒരുക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലഹാരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമായി.
ജെ.എൽ.ജി ഗ്രൂപ്പുകൾ ഒരുക്കിയ നാടൻ പച്ചക്കറികൾ ഉൾപ്പെടുത്തിയ വിഷു കിറ്റുകൾക്കും മികച്ച ആവശ്യമാണ് ഉണ്ടായത്. കണികൊന്നപ്പൂവ് മുതൽ വിവിധ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ കിറ്റുകൾ വിപണിയിൽ ശ്രദ്ധ നേടി.

