ഓസ്ട്രിയയിൽ നിന്ന് കുറിച്ചിത്താനത്തെ കാനന ക്ഷേത്രത്തിലേക്ക്: വിദേശ അതിഥിയുടെ അനുഭവം ശ്രദ്ധേയമായി

കുറിച്ചിത്താനം: ആൽപ്സ് മലനിരകളുടെ താഴ്വരകളിൽ നിന്നുള്ള ഓസ്ട്രിയക്കാരിയായ സിൽസിയ സ്റ്റാർക്ക് കുറിച്ചിത്താനത്തെ അനിയൻ തലയാറ്റും പിള്ളിയുടെ കാനന ക്ഷേത്രം സന്ദർശിച്ചത് ശ്രദ്ധേയമായി. കേരളത്തിൽ താമസിക്കുന്നതും ഓസ്ട്രിയയിൽ സഹപ്രവർത്തകയുമായ ഡോ. ആനിയുടെ കൂടെയായിരുന്നു അവരുടെ സന്ദർശനം.
ആയുർവേദത്തിലും സംസ്കൃതത്തിലും പാണ്ഡിത്യമുള്ള സിൽസിയ പ്രകൃതിയെ ആഴത്തിൽ സ്നേഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ‘പ്രകൃതിയെ ആരാധിക്കുന്ന ക്ഷേത്രം’ എന്നറിയപ്പെടുന്ന കാനന ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞതിനെ തുടർന്ന് നേരിൽ കാണാനെത്തുകയായിരുന്നു.
ജൈവ വൈവിധ്യത്തെ സംരക്ഷിക്കുകയും പ്രകൃതിയുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ഈ ഉദ്യാനം സിൽസിയയെ ഏറെ ആകർഷിച്ചു. നക്ഷത്രവനം, യോഗ ചക്രോദ്യാനം എന്നിവ പ്രത്യേക ശ്രദ്ധ നേടിയപ്പോൾ, അതിരുകളിൽ നട്ടുവളർത്തിയിരിക്കുന്ന ഔഷധസസ്യങ്ങളെയും അവർ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.
മെഡിറ്റേഷൻ പാർക്കും പ്രകൃതി സൗഹൃദ തിയേറ്ററും സന്ദർശിച്ച സിൽസിയ അവയെക്കുറിച്ച് ഏറെ ആവേശത്തോടെ പ്രതികരിച്ചു. വികസനത്തിനായി നിരവധി നിർദ്ദേശങ്ങളും അവർ പങ്കുവെച്ചത് പദ്ധതിയുടെ ഭാവി വളർച്ചയ്ക്ക് സഹായകരമാകുമെന്ന് സംഘാടകർ പറഞ്ഞു.
ഒരു പൂർണ്ണദിവസം കാനന ക്ഷേത്രത്തിൽ ചെലവഴിച്ച സിൽസിയ, തൊടിയിലെ ചന്ദ്രക്കാരൻ മാമ്പഴവും തേൻവരിക്കയിലെ ചക്കപ്പഴവും രുചിച്ച ശേഷമാണ് മടങ്ങിയത്. കുറച്ച് സമയം കൊണ്ടുതന്നെ ഇവിടത്തെ ജനങ്ങളുമായി അവർ സ്ഥാപിച്ച ആത്മബന്ധം നാട്ടുകാർക്ക് പുതുമയാർന്ന അനുഭവമായി.

Advertisements

Hot Topics

Related Articles