കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്ക് എതിരെ കേസെടുത്തു 

കൊല്ലം : കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടർമാർക്കെതിരെ കേസെടുത്തു. പുനലൂർ ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ സുനില്‍കുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരാണ് പ്രതികള്‍. പുനലൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അശ്രദ്ധയോടെ കുട്ടിയെ ചികിത്സിച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നുവെന്നുമാണ് എഫ് ഐ ആറിലുള്ളത്. ബിഎൻഎസ് 106 (1), 238, 3 (5) തുടങ്ങി മെഡിക്കല്‍ നെഗ്ലിജെൻസ് ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രില്‍ എട്ടിനാണ് നായയുടെ കടിയേറ്റ നിയ ഫൈസല്‍ പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. മെയ് അഞ്ചിന് തിരുവനന്തപുരം എസ് എ റ്റിയില്‍ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.

Advertisements

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും.

Hot Topics

Related Articles