ന്യൂഡൽഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ മതിയായ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരിക്കല്‍ ചൈനയില്‍ പോയപ്പോള്‍ സ്നേഹപൂർവ്വം ഇക്കാര്യം ഉണർത്തിയിരുന്നുവെന്നും കൊച്ചിയിലെ ഒരു സെമിനാറില്‍ സി പി എം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. കേരളത്തില്‍ എല്‍ ഡി എഫിന് തുടർ ഭരണം ഉറപ്പാണെന്നും ബേബി അവകാശപ്പെട്ടു. എല്‍ ഡി എഫിന്റെ ഭരണ മികവില്‍ തന്നെയാണ് പ്രതീക്ഷ. ജനം എല്‍ ഡി എഫിന് അല്ലാതെ മറ്റാർക്കും വോട്ട് ചെയ്യില്ലെന്നും സി പി എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.
ഭരണം ലഭിക്കും മുന്നേ മുഖ്യമന്ത്രി കസേരക്കായുള്ള കോണ്‍ഗ്രസിലെ വടംവലിയെയും ബേബി പരിഹസിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് എന്നായിരുന്നു യു ഡി എഫ് അവകാശ വാദം. ഇപ്പോള്‍ അധികാരത്തിനായി തമ്മില്‍ തല്ലാണ്. ഇതൊക്കെ കണ്ട് ജനം ചിരിക്കുകയാണ്. ഇവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എന്താകും അവസ്ഥ എന്നാണ് എല്ലാവരും ആലോചിക്കുന്നത്. പണ്ടും ഫലം വരും മുമ്പ് സി എം പോസ്റ്റ് പങ്കു വയ്ക്കാൻ തീരുമാനിച്ച പാർട്ടി ആണ് കോണ്‍ഗ്രസ്. ഫലം വന്നപ്പോള്‍ എല്‍ ഡി എഫ് അധികാരം നേടി. അതെ ആവർത്തനം തന്നെയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.

