ബംഗളൂരു: ബംഗളൂരുവിലെ ജനപ്രിയ റെസ്റ്റോറന്റായ സെൻട്രല്‍ ടിഫിൻ റൂമില്‍ സർപ്രൈസ് സന്ദർശനവുമായി താര ദമ്പതികളായ വിരാട് കൊഹ്ലിയും അനുഷ്കാ ശർമ്മയും.തന്റെ കോളേജ് കാലത്തെ ഇഷ്ടമുള്ള ഭക്ഷണശാലയിലാണ് അനുഷ്കാ ശർമ്മ കുടുംബസമേതം എത്തിയത്. കുടുംബത്തിനൊപ്പം തങ്ങളെത്തുമെന്ന് മൂന്ന് ദിവസം മുമ്പേ റെസ്റ്റോറന്റ് ഉടമ ഗണേഷ് പൂജാരിയോട് വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ ആരോ തന്നെ പറ്റിക്കാൻ വിളിക്കുന്നതാണെന്നാണ് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ആദ്യം താൻ കരുതിയിരുന്നതെന്ന് ഗണേഷ് പറയുന്നു. ‘പിങ്ക് വില്ല ബിസിനോട്’ സംസാരിക്കവെയാണ് ഉടമ താരദമ്പതികളുടെ സന്ദർശനത്തിന്റെ ഓർമ്മകള്‍ പങ്കുവച്ചത്. താരങ്ങള്‍ എത്തിയ വിവരമറിഞ്ഞ് വൻ ജനക്കൂട്ടം റെസ്റ്റോറിന് മുന്നില്‍ തടിച്ചികൂടിയിരുന്നു.
‘അവർ തൊട്ടടുത്ത ടൗണില്‍ എത്തിയെന്നും രണ്ട് കാറുകളില്‍ വരുന്നുണ്ടെന്നും പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. അപ്പോഴും വിശ്വസിക്കാനായില്ല. പക്ഷേ, അതിനുശേഷം തൊട്ടുപിന്നാലെെ രണ്ട് കാറുകള്‍ ഹോട്ടലിന് മുന്നില്‍ വന്നുനിർത്തി. അവർക്കായി ഞങ്ങള്‍ ഒരു നില മൊത്തമായിട്ട് മാറ്റിവച്ചു. കുടുംബത്തോടൊപ്പമാണ് അവർ എത്തിയത്. വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കിക്കൊടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനുഷ്കയോട് സംസാരിക്കാൻ പ്രത്യേക രസമാണ്. ഈ ഹോട്ടലിനെക്കുറിച്ച് എങ്ങനെ കേട്ടെന്ന് ചോദിച്ചപ്പോള്‍ താൻ കോളേജില്‍ പഠിക്കുന്ന കാലം ഇവിടെ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് അനുഷ്ക പറഞ്ഞു. അവസാനമായി എപ്പോഴാണ് വന്നതെന്ന് തിരക്കിയപ്പോള്‍ കൃത്യമായി ഓർക്കുന്നില്ലെന്നും കുറെ നാളായി ഇവിടെ വരണമെന്ന് വിചാരിച്ചിരുന്നു, ഇവിടുത്തെ ഭക്ഷണം കഴിക്കാൻ കൊതിയായിരുന്നു അതുകൊണ്ടാണ് ഒട്ടും സമയമില്ലാഞ്ഞിട്ടും സമയം കണ്ടെത്തി ഭർത്താവിനും കുടുംബത്തിനുമൊപ്പം ഇവിടെ എത്തിയതെന്നും അനുഷ്ക വ്യക്തമാക്കി.
അവർ തിരിച്ചു പോകുന്ന സമയം ഹോട്ടലിന് പുറത്ത് ആരാധകരുടെ വലിയ ബഹളമായിരുന്നു. റോഡെല്ലാം ബ്ലോക്കായി. വാഹനങ്ങള്‍ക്കൊന്നും കടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥ. ആരാധകർ അവരെ കാണാൻ വട്ടമിട്ടു നില്‍ക്കുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അവർക്ക് കാറിനുള്ളിലേക്ക് കയറാൻ പോലും കഴിയാത്ത അത്രയും തിരക്ക്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി വന്നു. ഇതുപോലുള്ള വിഐപികള്‍ വരുമ്പോള്‍ മുൻകൂട്ടി അറിയിക്കണമെന്നും ഇല്ലെങ്കില്‍ കേസ് എടുക്കുമെന്നും ഉദ്യോഗസ്ഥർ ഉപദേശിച്ചു. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിവില്ലായിരുന്നു. എന്തായാലും താരദമ്പതികളെ സല്‍ക്കരിക്കാനായത് നല്ലൊരു അനുഭവമായി’.- ഗണേഷ് പൂജാരി കൂട്ടിച്ചേർത്തു.

