മുഖ്യമന്ത്രി തർക്കം : ഹൈക്കമാൻഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റർ പ്രതിഷേധം; എല്ലാ സീമകളും ലംഘിച്ച് പ്രവർത്തക രോഷം

കല്‍പ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റർ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നല്‍കുന്ന സൂചന. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററില്‍ വിമർശനമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ലെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. വയനാടിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകള്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

Advertisements

മുഖ്യമന്ത്രി ചർച്ചയില്‍ മുൻവിധിയില്ലെന്ന് രാഹുല്‍ ഗാന്ധി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകള്‍. ദില്ലിയില്‍ ഇന്നലെ നടന്ന അതി നിർണായക ചർച്ചയില്‍ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആ‌ർ സി പക്ഷങ്ങള്‍. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകള്‍ ഉണ്ടായി എന്നാണ് രാഹുലിന്‍റെ നിരീക്ഷണം. അന്തിമ പ്രഖ്യാപനത്തിന് മുന്നേ നേരിട്ട് ഘടകകക്ഷികളോട് സംസാരിക്കണോ എന്നതിലും ഇന്ന് രാഹുല്‍ തീരുമാനം കൈക്കൊള്ളും. ശേഷമാകും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനമെന്നാണ് വിവരം.

Hot Topics

Related Articles