കൊച്ചി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്ബോള്‍ ആരാധകർക്കുമായി സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതിയായ ‘സപ്ലൈകോ സോക്കർ ഇലവൻ’ അവതരിപ്പിക്കുന്നു.ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകള്‍ നല്‍കും.
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തില്‍ ബ്രസീല്‍ മൂന്ന് ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ ഇതിനായി പരിഗണിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോള്‍നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.


