ഇങ്ങനെ ചെയ്യാൻ അവരെന്താ ക്രിമിനലുകളാണോ? ഫുട്ബോള്‍ ലോകം ഒന്നടങ്കം ചോദിക്കുകയാണ്. ആരൊടെന്നല്ലെ, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനോടും ജിയാനി ഇൻഫന്റിനൊ നയിക്കുന്ന ഫിഫയോടും… അമേരിക്ക പ്രധാന ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാൻ സെനഗലിന്റെ ദേശീയ ടീം സാൻ ആന്റോണിയയില്‍ വന്നിറങ്ങി. അമേരിക്കൻ മണ്ണില്‍ കാലുകുത്തിയ ആദ്യ നിമിഷം അവരെ തേടിയെത്തിയത് സുരക്ഷാ ഉദ്യാഗസ്ഥരായിരുന്നു, അതും റണ്‍വേയില്‍ വച്ചു തന്നെ. ഒരു കസേര വലിച്ചിട്ടുകൊടുത്ത് അതിലിരുത്തി മുടി മുതല്‍ നഖം വരെ പരിശോധിച്ചു, ധരിച്ചിരുന്ന ഷൂപോലും വിശദമായി അളന്നു…
ഉസ്‌ബെക്കിസ്ഥാൻ താരങ്ങളെ അമേരിക്ക വരവേറ്റത് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്താൻ ഉപയോഗിക്കുന്ന ഡോഗ് സ്ക്വാഡിനേയും പുറമെ മെറ്റല്‍ ഡിറ്റക്‌റ്ററുകളും ഉപയോഗിച്ചായിരുന്നു…നിറത്തിന്റേയും പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റേയും പേരില്‍ സംശയത്തിന്റെ നിഴലില്‍ ഇന്നും നില്‍ക്കേണ്ടി വരുന്നു… വിശ്വവേദിയില്‍ പന്തുതട്ടാനെത്തിയവരാണെന്ന് ഓർക്കണം…ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തെ താരങ്ങള്‍ക്ക് ഈ സ്ഥിതിയുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കാതെ വയ്യ…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ആരാധകർ, ശേഷം മാധ്യമപ്രവർത്തകര്‍, ടീമിന്റെ ഔദ്യോഗിക ഭാഗമായവര്‍, താരങ്ങള്‍, ഒടുവില്‍ റഫറി വരെ എത്തിയിരിക്കുന്നു വിവേചനം നേരിട്ടവരുടെ പട്ടിക…ലോകസമാധനത്തിനുവേണ്ടിയും വര്‍ണവിവേചനങ്ങള്‍ക്കും വംശീയതയ്ക്കുമെല്ലാം എതിരെയും നിരന്തരം ശബ്ദിക്കുന്ന ഇൻഫന്റിനോയും ഫിഫയും ട്രംപ് ഭരണകൂടത്തിന്റെ നടപടികളോടുള്ള പ്രതികരണം മൗനത്തില്‍ തുടങ്ങി മൗനത്തില്‍ തന്നെ അവസാനിപ്പിക്കുകയാണ്…
2017ല്‍, ട്രംപ് ആദ്യമായി അമേരിക്കയുടെ ഭരണചക്രം നിയന്ത്രിച്ച കാലത്ത്, ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനെതിരെ അന്ന് ഇൻഫന്റിനൊ സ്വീകരിച്ച നിലപാട് എന്തായിരുന്നെന്ന് ഓര്‍മിപ്പിക്കാം. ഫിഫയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാൻ യോഗ്യത നേടുന്ന ടീമുകള്‍, അവരുടെ സ്റ്റാഫ്, ആരാധകര്‍ എന്നിവര്‍ക്ക് ആതിഥേയരാജ്യം പ്രവേശനം അനുവദിച്ചെ മതിയാകു. അല്ലാത്തപക്ഷം, ലോകകപ്പിനുള്ള ആതിഥേയത്വ അവകാശം നല്‍കുകയില്ല, ഇതായിരുന്നു ഫിഫ തലവന്റെ വാക്കുകള്‍. ട്രംപിനുള്ള ഒരു താക്കീതുകൂടിയായിരുന്നു ഇത്.


