മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ അസ്ടെക്ക സ്റ്റേഡിയത്തിലേക്കുള്ള പ്രധാന പാത ഉപരോധിച്ച് വൻ അധ്യാപക പ്രതിഷേധം. ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചൊവ്വാഴ്ച മണിക്കൂറുകളോളമാണ് അയ്യായിരത്തിലധികം വരുന്ന പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത്. സഹആതിഥേയരായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്ക് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ ഒഴുകിയെത്തുന്നതിനിടയിലാണ് മെക്സിക്കോ തലസ്ഥാനത്തെ ഈ ആഭ്യന്തര സമരം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.
സി.എൻ.ടി.ഇ അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന മാർച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം നടക്കാനിരിക്കുന്ന അസ്ടെക്ക സ്റ്റേഡിയത്തിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച പ്രതിഷേധക്കാരെ വൻ പോലീസ് സന്നാഹവും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ഉപയോഗിച്ചാണ് തടഞ്ഞത്. മൂന്ന് മണിക്കൂറിലധികം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് അധ്യാപകർ പിരിഞ്ഞുപോയത്.


