ലണ്ടൻ: ഐപിഎല്‍ സീസണിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുത്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലും താരത്തെ ബെഞ്ചിലിരുത്താനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. അയർലൻഡിനെതിരായ പരമ്പരയില്‍ 0-2 ന് പരാജയപ്പെട്ടിട്ടും വൈഭവിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല.
തൊട്ടുപിന്നാലെ ഇന്നലെ ഡർഹാമില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ട്വന്റി-20 മത്സരത്തിലും പുറത്തിരുത്തിയതോടെ ടീം മാനേജ്മെന്റിനെതിരെ ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ടീം സെലക്ഷനെക്കുറിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്കർ ശക്തമായി വിമർശിച്ചു. അയർലൻഡ് പരമ്പരയായിരുന്നു യുവതാരങ്ങളെ പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരം മഴമൂലം ഉപേക്ഷിച്ചതിന് ശേഷം സോണി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഗവാസ്കർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വൈഭവിന്റെ നിലവിലെ ഫോം നോക്കിയാല്‍ രണ്ട് മത്സരങ്ങളിലും അവന് അവസരം നല്‍കണമെന്ന് ഒരു മാസമായി ഞാൻ പറയുന്നുണ്ട്. ഒരു യുവതാരത്തെ പരീക്ഷിക്കാൻ ഇതിലും നല്ലൊരു അവസരം വേറെ കിട്ടില്ല. ഇനി വൈഭവിന് അവസരം ലഭിച്ചാല്‍ ആദ്യ മത്സരങ്ങളില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന കടുത്ത സമ്മർദ്ദം അവനുണ്ടാകും.’- ഗവാസ്കർ പറഞ്ഞു.


