കാശ്മീർ : അധിനിവേശ കാശ്മീരില്‍ പാകിസ്ഥാൻ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക് കടന്നു. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന കൂറ്റൻ റാലിയില്‍ എണ്‍പതിനായിരത്തിലധികം പ്രതിഷേധക്കാരാണ് അണിനിരന്നത്. റാലിയെ അഭിസംബോധന ചെയ്ത ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവ് സർദാർ അമാൻ ഖാൻ, പാകിസ്ഥാന്റെ ഭീകരവാദ അജണ്ടകളെയും പാക് സൈന്യത്തിന്റെ പങ്കിനെയും പരസ്യമായി തുറന്നുകാട്ടി രംഗത്തെത്തി. കശ്മീരികളുടെ കൈകളില്‍ യഥാർത്ഥത്തില്‍ ആയുധങ്ങള്‍ വെച്ചുനല്‍കിയത് പാകിസ്ഥാൻ സൈന്യമാണെന്ന് അമാൻ ഖാൻ ആരോപിച്ചു.
‘ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിട്ടത് പാക് സൈന്യമാണ്. കശ്മീരികള്‍ക്ക് തോക്കുകള്‍ നല്‍കിയവർ തന്നെ ഇന്ന് ഞങ്ങളെ ഭീകരവാദികള്‍ എന്ന് വിളിക്കാൻ ധാർഷ്ട്യം കാണിക്കുകയാണ്’- അമാൻ ഖാന്‍റെ ഈ വാക്കുകള്‍ വലിയ കൈയടികളോടെയാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ റാവലകോട്ടില്‍ നടന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പരിപാടിയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമർശിച്ചു. അന്ന് എകെ-47 തോക്കുകളും വാളുകളുമായി ഭീകരർ നഗരത്തിലൂടെ പരസ്യമായി മാർച്ച് നടത്തിയിരുന്നു. റാവലകോട്ട് ഡെപ്യൂട്ടി കമ്മീഷണറാണ് ആ റാലിക്ക് അനുമതി നല്‍കുകയും അവർക്ക് സുരക്ഷയൊരുക്കുകയും ചെയ്തതെന്ന് അമാൻ ഖാൻ വെളിപ്പെടുത്തി. തോക്കുകളുമായി റാലി നടത്തിയവർക്ക് കാവല്‍ നിന്ന ഉദ്യോഗസ്ഥരാണ്, ഇപ്പോള്‍ ഈ മണ്ണിന്‍റെ യഥാർത്ഥ അവകാശികളെ ഭീകരരെന്നു വിളിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


