കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ലഹരി വിരുദ്ധ ദിനാചരണം ചിറക്കടവ് എസ്. ആർ.വി. എൻ.എസ്.എസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തി. പ്രൊഫ. റോണി കെ. ബേബി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പി. കെ സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ. ടി. ഒ കെ. ശ്രീജിത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ വിജയകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ എ. ആർ, സ്കൂൾ മാനേജർ എൻ ശശികുമാർ, പി.ടി.എ പ്രസിഡണ്ട് ഹരികുമാർ, വിമുക്തി ഇൻ ചാർജ് ചന്ദ്രശേഖരൻ. ആർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് വി. റ്റി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷഫീക്ക് എം. എച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. സിന്ധു എൻ. നായർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.










നമ്മുടെ സമൂഹത്തെയും യുവ തലമുറയെയും കാർന്നുതിന്നുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന് എന്നും ലഹരിയുടെ കരാളങ്ങളിൽ നിന്നും വരും തലമുറയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്നും, ഈ വിപത്തിനെതിരെ ഒന്നിച്ചു പോരാടാൻ ഉള്ള ഓർമ്മപ്പെടുത്തൽ ആണ് ലഹരി വിരുദ്ധ ദിനം എന്നും, ലഹരിക്കെതിരെയുള്ള ഈ വലിയ മുന്നേറ്റത്തിൽ തോളോട് തോൾ ചേർന്ന് നമുക്കും പങ്കാളികളാകാം എന്നും നാം ഏവരും ലഹരി വിരുദ്ധ സന്ദേശ വാഹകരായി പ്രവർത്തിക്കണമെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദൃഷ്ടിയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുവാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കും ഉണ്ട് എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പ്രൊഫസർ റോണി കെ ബേബി അവർകൾ അഭിപ്രായപ്പെട്ടു. ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെയും യുവ തലമുറയെയും ബോധവാന്മാരാക്കണമെന്നും, ലഹരി ഉപയോഗം ഒരു രോഗമാണ് എന്നും അവരെ ഒറ്റപ്പെടുത്തുകയല്ല മറിച്ച് ചികിത്സയിലൂടെയും സ്നേഹത്തിലൂടെയും തിരികെ കൊണ്ടുവരികയാണ് വേണ്ടത് എന്നും സ്വാഗത പ്രാസംഗികനായ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പി. കെ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരി വിമുക്ത സമൂഹത്തിനായി നമുക്ക് ഒരുമിക്കാം എന്നും ജീവിത മൂല്യങ്ങളോട് ആവട്ടെ ലഹരി എന്നും, ലഹരിക്കെതിരെ എക്സൈസ് പോലീസ് വകുപ്പുകളോടൊപ്പം ചേർന്ന് ഒറ്റക്കെട്ടായി നമുക്ക് പ്രതിരോധം തീർക്കാം എന്നും അധ്യക്ഷ പ്രസംഗത്തിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റ്റി എൻ ഗിരീഷ് കുമാർ പറഞ്ഞു. ലഹരിയോട് നോ പറയുക ജീവിതത്തോട് യെസ് പറയുക എന്ന സന്ദേശത്തിന്റെ വാഹകരായി പ്രവർത്തിക്കുവാൻ ഈ സമൂഹം ബാധ്യസ്ഥമാണ് എന്ന് യോഗം ഉദ്ഘോഷിച്ചു.
സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് അവതരിപ്പിച്ച ബോധവൽക്കരണ നാടകം “*പട്ടം*” ഏറെ ശ്രദ്ധേയമായി. ലഹരിവിരുദ്ധ ആശയങ്ങളുടെ പ്രചരണാർത്ഥം സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. എൻ.സി.സി, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ, അധ്യാപകർ, പി. ടി. എ, എക്സൈസ്, മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി 300 പേർ പങ്കെടുത്തു.


