വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശൻ (19) ആണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ സൗത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം. അക്രമം നടത്തിയ മൂന്നംഗ സംഘത്തിൽപ്പെട്ട രണ്ടുപേരെ ടൂറിസം പോലീസും വർക്കല പോലീസും ചേർന്ന് പിടികൂടി. തഞ്ചാവൂരിൽ നിന്ന് 14 സുഹൃത്തുക്കൾക്കൊപ്പമാണ് സുദർശൻ ഇന്നലെ രാവിലെ വർക്കലയിൽ എത്തിയത്. രാത്രി നൈറ്റ് ലൈഫ് ആസ്വദിക്കുന്നതിനിടെ സുഹൃത്തുക്കളായ സതീശനും കുമുദനും ഒപ്പം സൗത്ത് ക്ലിഫ് നടപ്പാതയിലൂടെ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് കേട്ട് നടക്കുന്നതിനിടെയാണ് സംഭവം.
സ്പീക്കറിൽ പാട്ട് വച്ചതിനെ ചൊല്ലി പ്രദേശവാസികളായ മൂന്ന് യുവാക്കൾ ചോദ്യം ചെയ്യുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് സുദർശന് കുത്തേറ്റത്. സുദർശന്റെ വയറിന്റെ വലതു ഭാഗത്തും തോളിലും മുതുകത്തും കുത്തേറ്റു. പരിക്കേറ്റ സുദർശനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി (18), പ്രായപൂർത്തിയാകാത്ത ഒരു യുവാവ് എന്നിവരെ പോലീസ് പിടികൂടി. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് കീഴ്പ്പെടുത്തിയത്.


