കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള്‍ ഒരുക്കി, പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ പറഞ്ഞു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭ ചടങ്ങായ ‘ദീക്ഷാരംഭ് 2026’, ‘ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്‍’ (ഐഎസ്‌ഐ), ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

നിര്‍മിത ബുദ്ധി, ശാസ്ത്ര ഗവേഷണം എന്നിവയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറണം. സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ അവതരിപ്പിക്കുകയും വേണം. നിരന്തരമായ പഠനവും നൂതനാശയ രൂപീകരണവും വിദ്യാര്‍ത്ഥികള്‍ ശീലമാക്കണം. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ താല്‍പര്യമുള്ള മികച്ച ഇടമായി കേരളം മാറണം. യുവാക്കള്‍ക്ക് കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അവരുടെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹിക ആഘാത വിലയിരുത്തല്‍, സുസ്ഥിര ധനസഹായം, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, സാമൂഹിക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണ, നയരൂപീകരണ കേന്ദ്രമായാണ് ‘ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്‍’ വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തുള്ള അക്കാദമിക മികവ്, ആരോഗ്യ പരിചരണം, ഡിജിറ്റല്‍ രംഗത്തെ വളര്‍ച്ച, മികച്ച ജീവിതനിലവാരം എന്നിവ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു ദേശീയ-ആഗോള ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി ഉയര്‍ത്തുകയാണ് ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതോടൊപ്പം ഗവേഷണം, നവീകരണം, വ്യവസായ-അക്കാദമിക് സഹകരണം, പ്രതിഭകളുടെ വിദേശത്തേക്കുള്ള പലായനം നിരുത്സാഹപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

ആഗോള വെല്ലുവിളികള്‍ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തണമെന്നും സമൂഹത്തില്‍ നല്ല മാറ്റമുണ്ടാക്കാന്‍ തങ്ങളുടെ അറിവ് ധാര്‍മ്മിക ലക്ഷ്യങ്ങളോടെ ഉപയോഗിക്കണമെന്നും ചടങ്ങില്‍ സംസാരിച്ച എറണാകുളം ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ഐഎഎസ് ആവശ്യപ്പെട്ടു.

കേരളത്തെ ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം, സാമൂഹിക വെല്ലുവിളികളെ നേരിടാന്‍ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവ സമന്വയിപ്പിക്കാനുള്ള സര്‍വകലാശാലയുടെ പ്രതിബദ്ധതയാണ് ഈ രണ്ട് പദ്ധതികളിലൂടെ പ്രതിഫലിക്കുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ് പറഞ്ഞു.

ജെയിന്‍ യൂണിവേഴ്‌സിറ്റി സ്ഥാപക ചെയര്‍മാനും ചാന്‍സലറുമായ ഡോ. ചെന്‍രാജ് റോയ്ചന്ദ്, അഡൈ്വസര്‍ ഡോ. ഈശ്വരന്‍ അയ്യര്‍, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. വേണു രാജാമണി, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 6000-ല്‍ അധികം ആളുകള്‍ ദീക്ഷാരംഭ്-2026 ചടങ്ങിന് എത്തിയിരുന്നു.

Hot Topics

Related Articles