ലോകത്ത് എവിടെയിരുന്നും പരാതി നൽകി പരിഹാരം കാണാൻ പ്രവാസി കമീഷൻ വെബ്സൈറ്റ് ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങും
ചിത്രം: ആലപ്പുഴ കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമീഷൻ അദാലത്തിൽ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പരാതി കേൾക്കുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ: വിദേശരാജ്യങ്ങളിൽ ചതിക്കുന്നവരും ചതിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രവാസി കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്.
ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമീഷൻ അദാലത്തിൽ എത്തിയ പരാതികളെക്കുറിച്ച് വിശദീകരിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരാതികളിൽ 70 ശതമാനവും വഞ്ചനാക്കേസുകളാണ്. പല പ്രവാസികളും വിദേശരാജ്യങ്ങളിൽ പോയി തൊഴിലുടമകളാൽ ചതിക്കപ്പെട്ട്, യാതൊരുവിധആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങിവരുന്ന അവസ്ഥയുണ്ട്. പരാതികൾക്ക് പരിഹാരം കാണുന്നതിന് പ്രവാസികൾക്കായി ഒരു കമീഷൻ പ്രവർത്തിക്കുന്ന കാര്യം പലർക്കും അറിയില്ല. റിക്രൂട്ട്മെൻറ് ഏജൻസിവഴി പോകുന്നവരും ചതിക്കപ്പെടുന്നുണ്ട്.
പത്താംക്ലാസ്, പ്ലസ്ടു കഴിഞ്ഞ് വിദേശത്ത് പോകുന്ന നല്ലൊരുശതമാനം കുട്ടികളും അംഗീകാരമില്ലാത്ത സർവകലാശാലകളിൽ ചേരുന്നുണ്ട്. അങ്ങനെ പോകുന്ന കുട്ടികൾക്ക് അവിടെ പോയി മാന്യമായി ജീവിക്കുന്നതിനും നല്ല ഭക്ഷണം കഴിക്കാനും താമസസൗകര്യങ്ങളും ലഭിക്കാറില്ല. വീട്ടുകാർ അറിയാതെ സാമ്പത്തിക ഇടപാട് നടത്തിയ ജർമിനിയിൽ പഠിക്കാൻ പോയ രണ്ട് വിദ്യാർഥികളുടെ പരാതിയും കമീഷന് ലഭിച്ചു.
അക്കൗണ്ടിലുണ്ടായിരുന്ന 15ലക്ഷം രൂപവീതം 30ലക്ഷം രൂപയാണ് പരിചയമില്ലാത്ത ആൾ സ്വന്തമാക്കിയത്. വീട്ടുകാർ അറിയാതെയായിരുന്നു സാമ്പത്തിക തിരിമറി നടത്തിയത്. അയാൾ പിന്നീട് മരണപ്പെട്ടതോടെ കുട്ടികൾക്ക് പഠനം തുടരാനും നാട്ടിലേക്ക് തിരിച്ചുവരാനും കഴിയാത്ത സാഹചര്യമാണ്.
‘പ്രവാസി വെൽഫെയർ അസോസിയേഷൻ’ എന്ന പേരിലും വൻസാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത്. ഇത് സർക്കാറിന്റെ പ്രവാസി വെൽഫെയർ ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് പലരം ചേരുന്നത്.
നിക്ഷേപങ്ങളുടെ പേരിലും സമാനതട്ടിപ്പുകളുണ്ട്. വിദ്യാർഥികളും പ്രവാസികളും സ്ത്രീകളുമെല്ലാം തട്ടിപ്പിനിരയാകുന്നത് തടയാൻ ബോധവത്കരണ പ്രവർത്തനങ്ങൾ നോർക്ക റൂട്സുമായി സഹകരിച്ച് നടത്തും. നിയമവഴിയിൽ പോകുന്നതിന് പ്രവാസികൾക്ക് അവബോധത്തിന്റെ കുറവാണ് പ്രധാനം. ഇത്തരം കുരുക്കിൽപെടുന്നവർ പുറത്തുകടക്കാൻ കഴിയാത്തവരുമുണ്ട്. കഴിഞ്ഞ ഒരുവർഷമായി 500ലധികം പരാതികൾക്ക് പരിഹാരമുണ്ടായി. പ്രവാസികളുടെയും അവരുടെ കുംടുബാംഗങ്ങളുടെയും ജീവനും സ്വത്തിനെയും ബാധിക്കുന്ന എല്ലവിഷയങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തും.
അടുത്ത അദാലത്ത് ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് നടക്കും. പ്രവാസികൾക്ക് ലോകത്തിന്റെ എവിടെയിരുന്നും തങ്ങളുടെ പരാതികൾ സമർപ്പിച്ച് പരിഹാരം തേടുന്നതിനായി പ്രവാസി കമീഷന്റെ വെബ്സൈറ്റ് ആഗസ്റ്റ് മാസം മുതൽ പ്രവർത്തനമാരംഭിക്കും. കമീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം , ജോസഫ് ദേവസ്യ പൊന്മാങ്കൽ, അസിസ്റ്റൻറ് സെക്രട്ടറി ജി.എസ് ബിന്ദു എന്നിവർ പങ്കെടുത്തു.


