ചിത്രം: ആലപ്പുഴ ടൂറിസംവകുപ്പ് നിർമിക്കുന്ന നഗരചത്വരത്തിന്റെ രൂപരേഖ
ആലപ്പുഴ: വിവാദങ്ങൾക്കൊടുവിൽ നഗരചത്വരത്തിന്റെ നവീകരണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം. നഗരചത്വരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നഗരസഭയെ അറിയിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെ എ.ഡി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മൂന്നുകേടി രൂപ ചെലവ് വരുന്ന ജോലികൾ കഴിഞ്ഞ നവംബർ മൂന്നിന് അന്നത്തെ എം.എൽ.എ പി.പി. ചിത്തരഞ്ജനാണ് ഉദ്ഘാടനം നടത്തിയത്. തുടർന്ന് മാർച്ച് രണ്ടിന് ജോലികൾ ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പിന്നീട് വന്ന തെരഞ്ഞെടുപ്പും മഴയും മൂലം മാസങ്ങളോളം നവീകരണ പ്രവർത്തനങ്ങൾ നടന്നില്ല. തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോലികൾ വീണ്ടും ആരംഭിച്ചത്. നഗരചത്വരം നവീകരണത്തിന്റെ ഭാഗമായി സ്റ്റേജ്, ഗാലറി, സൈഡ് വാൾ, ബാൽക്കണി, റൂഫിങ്, ഇലക്ട്രിഫിക്കേഷൻ, എൻട്രൻസ് ആർച്ച് വേ ആൻഡ് ലാൻഡ് ഡെവലപ്മെന്റ്, മാലിന്യ നിർമാർജന സംവിധാനം എന്നിവയാണ് പൂർത്തിയാക്കുന്നത്. അധികമായി പണം വന്നാൽ ടോയ്ലെറ്റ് നിർമിക്കും.
ഹിന്ദുസ്ഥാൻ ലാറ്റിക്സ് ലിമിറ്റഡ് ഏറ്റെടുത്ത കരാറിന്റെ ഉപകരാർ ഡോറ എന്ന മറ്റൊരു കമ്പനിയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ ഒരിക്കലും എതിരല്ലെന്നും എന്നാൽ എന്തെല്ലാമാണ് അവിടെ നടക്കുന്നതെന്ന് തങ്ങളെ അറിയിക്കണമെന്ന് എം.എൽ.എ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. അടിയന്തരമായി ഡി.പി.ആർ അടക്കമുള്ള രേഖകൾ തനിക്കും നഗരസഭാധ്യക്ഷക്കും കൈമാറണം.
ഭരണം മാറിയ ശേഷം കരാർ കമ്പനി തന്നെയും നഗരസഭയെയും കാണുകയോ നിർമാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ആശയവിനിമയത്തിൽ കരാർകമ്പനി വീഴ്ചവരുത്തിയെന്നും എം.എൽ.എ പറഞ്ഞു. ഇവിടെ എന്തൊക്കെ ജോലികളാണ് നടക്കുന്നതെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാനാവാത്ത അവസ്ഥയാണെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് പറഞ്ഞു. വാർഡ് കൗൺസിലർക്കും നഗരസഭ എൻജിനീയർക്കും ഇതേക്കുറിച്ച് ഒരുധാരണയുമില്ല. രാത്രി കാലങ്ങളിൽ നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച മണ്ണ് മോഷണം പോകുന്നതായി പരാതിയുണ്ട്.
ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടാവണമെന്നും നഗരസഭാദ്ധ്യക്ഷ കരാർ കമ്പനിക്ക് നിർദേശം നൽകി. എന്നാൽ, ടൂറിസം വകുപ്പുമായാണ് ചർച്ച നടത്തിയിട്ടുള്ളതെന്നും ടൂറിസം വകുപ്പാണ് നഗരസഭയുമായി ചർച്ച നടത്തുന്നതെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു. മണ്ണുമോഷണം പോയിട്ടില്ലെന്നും രാത്രിയിൽ സെക്യൂരിറ്റിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിർമാണത്തിന്റെ ഭാഗമായി അഴിച്ചുമാറ്റിയ ലൈറ്റുകൾ ഒരാഴ്ചക്കുള്ളിൽ സ്ഥാപിക്കാമെന്ന് നഗരസഭാധ്യക്ഷക്ക് മറുപടിയായി കമ്പനി അധികൃതർ പറഞ്ഞു.


