​വിദേശരാജ്യങ്ങളിൽ ചതിക്കുന്നവരും ചതിക്കപ്പെടുന്നവരും മലയാളികൾ-പ്രവാസി കമീഷൻ

ലോകത്ത്​ എവിടെയിരുന്നും പരാതി നൽകി പരിഹാരം കാണാൻ പ്രവാസി കമീഷൻ വെബ്​സൈറ്റ്​ ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങും

Advertisements

ചിത്രം: ആലപ്പുഴ കലക്​ടേറ്റ്​ കോൺഫറൻസ്​ ഹാളിൽ നടന്ന പ്രവാസി കമീഷൻ അദാലത്തിൽ ചെയർപേഴ്​സൺ ജസ്റ്റിസ്​ സോഫി തോമസ്​ പരാതി കേൾക്കുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ: വിദേശരാജ്യങ്ങളിൽ ചതിക്കുന്നവരും ചതിക്കപ്പെടുന്നവരും മലയാളികളാണെന്ന്​ പ്രവാസി കമീഷൻ ചെയർപേഴ്​സൺ ജസ്റ്റിസ്​ സോഫി തോമസ്​.

ആലപ്പുഴ കലക്​ടറേറ്റ്​ കോൺഫറൻസ്​ ഹാളിൽ നടന്ന പ്രവാസി കമീഷൻ അദാലത്തിൽ എത്തിയ പരാതികളെക്കുറിച്ച്​ വിശദീകരിച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ. പരാതികളിൽ 70 ശതമാനവും വഞ്ചനാക്കേസുകളാണ്. പല പ്രവാസികളും വിദേശരാജ്യങ്ങളിൽ പോയി തൊഴിലുടമകളാൽ ചതിക്കപ്പെട്ട്, യാതൊരുവിധആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങിവരുന്ന അവസ്ഥയുണ്ട്. പരാതികൾക്ക് പരിഹാരം കാണുന്നതിന് പ്രവാസികൾക്കായി ഒരു കമീഷൻ പ്രവർത്തിക്കുന്ന കാര്യം പലർക്കും അറിയില്ല. റിക്രൂട്ട്​മെൻറ്​ ഏജൻസിവഴി പോകുന്നവരും ചതിക്കപ്പെടുന്നുണ്ട്​.
പത്താംക്ലാസ്, പ്ലസ്ടു കഴിഞ്ഞ് വിദേശത്ത് പോകുന്ന നല്ലൊരുശതമാനം കുട്ടികളും അംഗീകാരമില്ലാത്ത സർവകലാശാലകളിൽ ചേരുന്നുണ്ട്​. അങ്ങനെ പോകുന്ന കുട്ടികൾക്ക് അവിടെ പോയി മാന്യമായി ജീവിക്കുന്നതിനും നല്ല ഭക്ഷണം കഴിക്കാനും താമസസൗകര്യങ്ങളും ലഭിക്കാറില്ല. വീട്ടുകാർ അറിയാതെ സാമ്പത്തിക ഇടപാട്​ നടത്തിയ ജർമിനിയിൽ പഠിക്കാൻ പോയ രണ്ട്​ വിദ്യാർഥികളുടെ പരാതിയും കമീഷന്​ ലഭിച്ചു.
അക്കൗണ്ടിലുണ്ടായിരുന്ന 15ലക്ഷം രൂപവീതം 30ലക്ഷം രൂപയാണ്​ പരിചയമില്ലാത്ത ആൾ സ്വന്തമാക്കിയത്​. വീട്ടുകാർ അറിയാതെയായിരുന്നു സാമ്പത്തിക തിരിമറി നടത്തിയത്​. അയാൾ പിന്നീട്​ മരണ​പ്പെട്ടതോടെ കുട്ടികൾക്ക്​ പഠനം തുടരാനും നാട്ടിലേക്ക്​ തിരിച്ചുവരാനും കഴിയാത്ത സാഹചര്യമാണ്​.
‘പ്രവാസി വെൽഫെയർ അസോസി​യേഷൻ’ എന്ന പേരിലും വൻസാമ്പത്തിക തട്ടിപ്പാണ്​ നടക്കുന്നത്​. ഇത്​ സർക്കാറിന്‍റെ പ്രവാസി വെൽഫെയർ ബോർഡാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ പലരം ചേരുന്നത്​.

നിക്ഷേപങ്ങളുടെ പേരിലും സമാനതട്ടിപ്പുകളുണ്ട്​. വിദ്യാർഥികളും പ്രവാസികളും സ്ത്രീകളുമെല്ലാം തട്ടിപ്പിനിരയാകുന്നത് തടയാൻ ബോധവത്​കരണ പ്രവർത്തനങ്ങൾ നോർക്ക റൂട്സുമായി സഹകരിച്ച് നടത്തും. നിയമവഴിയിൽ പോകുന്നതിന്​ പ്രവാസികൾക്ക്​ അവബോധത്തിന്‍റെ കുറവാണ്​ പ്രധാനം. ഇത്തരം കുരുക്കിൽപെടുന്നവർ പുറത്തുകടക്കാൻ കഴിയാത്തവരുമുണ്ട്​. കഴിഞ്ഞ ഒരുവർഷമായി 500ലധികം പരാതികൾക്ക്​ പരിഹാരമുണ്ടായി. പ്രവാസികളുടെയും അവരുടെ കുംടുബാംഗങ്ങളുടെയും ജീവനും സ്വത്തിനെയും ബാധിക്കുന്ന എല്ലവിഷയങ്ങളിലും ഇടപെട്ട്​ പരിഹാരം കണ്ടെത്തും.

അടുത്ത അദാലത്ത് ആഗസ്റ്റ്​ 11ന്​ തിരുവനന്തപുരത്ത് നടക്കും. പ്രവാസികൾക്ക് ലോകത്തിന്റെ എവിടെയിരുന്നും തങ്ങളുടെ പരാതികൾ സമർപ്പിച്ച്​ പരിഹാരം തേടുന്നതിനായി പ്രവാസി കമീഷന്റെ വെബ്‌സൈറ്റ് ആഗസ്റ്റ് മാസം മുതൽ പ്രവർത്തനമാരംഭിക്കും. കമീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം , ജോസഫ് ദേവസ്യ പൊന്മാങ്കൽ, അസിസ്റ്റൻറ് സെക്രട്ടറി ജി.എസ് ബിന്ദു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles