കോട്ടയം: കുമരകം ചൂളഭാഗത്ത് കണ്ടെയ്നർ ലോറി മരത്തിൽ കുടുങ്ങി വൻ ഗതാഗതക്കുരുക്ക്. ലോറിയുടെ മുകളിൽ മരം കുടുങ്ങിയതോടെ ഒരു മണിക്കൂറിലേറെയായി കുമരകം റോഡിൽ വൻ ഗതാഗത തടസവും അനുഭവപ്പെട്ടു. കലുങ്കിൽ കുടുങ്ങിയ ലോറി ഒരു ഭാഗത്തേയ്ക്കും മാറ്റാനാവാതെ വന്നതോടെയാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷമായത്. കുമരകം പൊലീസും, കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനയും പരിശ്രമിച്ചിട്ടും മരം വെട്ടിമാറ്റാനോ ലോറി നീക്കാനോ സാധിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കുമരകത്ത് റോഡിനു നടുവിൽ കണ്ടെയ്നർ ലോറി മരത്തിൽ കുടുങ്ങിയത്. എറണാകുളം ഭാഗത്തു നിന്നു കാറുമായി കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ലോറി. ഈ സമയം കുമരകം ചൂളഭാഗത്ത് എത്തിയ ലോറി റോഡിനു നടുവിലേയ്ക്കു ചാഞ്ഞു നിന്ന മരത്തിൽ ഉടക്കുകയായിരുന്നു. റോഡിലെ കലുങ്കിൽ കയറിയപ്പോഴാണ് മരം മുകൾ ഭാഗത്ത് ഉടക്കിയത്. ഇതേ തുടർന്നു വാഹനം മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ എടുക്കാനാവാത്ത സ്ഥിതിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ വാഹനങ്ങളുടെ നിര വർദ്ധിച്ചതോടെയാണ് കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു, അഗ്നിരക്ഷാ സേനാ അധികൃതരെയും നാട്ടുകാരെയും പൊലീസ് വിവരം അറിയിച്ചു. എന്നാൽ, ഇവർ എത്തിയിട്ടും റോഡിനു നടുവിൽ നിന്നും വാഹനം മാറ്റാൻ സാധിച്ചിട്ടില്ല. തുടർന്ന് വാഹനത്തിനു മുകളിൽ നിന്നും തടി വെട്ടിമാറ്റാനുള്ള ശ്രമം തുടരുകയാണ്. ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തു നിന്നും ആംബുലൻസുകൾ അടക്കം നിരവധി വാഹനങ്ങൾ എത്തുന്ന പ്രധാന വഴിയിലാണ് വൻ ഗതാഗത തടസം മണിക്കൂറുകളായി ഉണ്ടായിരിക്കുന്നത്.
മുൻപും സമാന രീതിയിൽ ഗതാഗത തടസമുണ്ടായിരുന്നു. രാത്രിയിൽ ഇതുവഴി എത്തിയ കണ്ടെയ്നർ ലോറി മരത്തിൽ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ സമയമെടുത്താണ് മരം വെട്ടിമാറ്റി അന്ന് ലോറി നീക്കിയത്. സമാന രീതിയിലുള്ള സംഭവമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ റോഡിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ കൃത്യ സമയത്ത് മുറിച്ച് മാറ്റാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.