മുംബൈ : മാഗസിന് ഫോട്ടോഷൂട്ടിനായി എടുത്ത നഗ്നചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിനെതിരെ കേസെടുത്ത് മുംബൈ പൊലീസ് . രണ്‍വീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെയും കുട്ടികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ശ്യാം മന്‍ഗരം ഫൗണ്ടേഷന് എന്ന എന്‍.ജി.ഒ ചെമ്പൂർ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സോഷ്യല്‍ മീഡിയ വഴി രണ്‍വീര്‍ പങ്കുവച്ച ചിത്രങ്ങള്‍ കുട്ടികളില്‍ തെറ്റായ മെസേജാണ് എത്തിക്കുകയെന്ന് പരാതിക്കാരുടെ അഭിഭാഷകന് അഖിലേഷ് ചൗബേ കോടതിയില്‍ വാദിച്ചു. പരാതി ലഭിച്ചയുടന്‍ നടപടിയെടുത്ത മുംബൈ പൊലീസിന് നന്ദിയുണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.ടി ആക്ട്, ഐ.പി.സി നിയമങ്ങള്‍ പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. നേരത്തെ ഒരു വനിതാ അഭിഭാഷകയും രണ്‍വീറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേപ്പര്‍ എന്ന മാഗസിനിനായി എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും നടന് പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം ചിത്രങ്ങള്‍ വൈറല്‍ ആകുകയായിരുന്നു. എന്നാല്‍ രണ്‍വീറിനെ പിന്തുണച്ച് ആലിയ ഭട്ട്, അര്ജുന് കപൂര്‍, സ്വര ഭാസ്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രണ്‍വീറിന്റേത് അസാധാരണ ധൈര്യമുള്ളവര്‍ മാത്രമെടുക്കുന്ന തീരുമാനമാണെന്ന് താരങ്ങള്‍ പ്രതികരിച്ചു. എന്നാൽ വിഷയം ചർച്ചയായതോടെ പ്രതികരണവുമായി രൺവീർ രംഗത്തെത്തി. ‘തനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. തനിക്ക് ആയിരം ആളുകള്‍ക്ക് മുന്നില്‍ നഗ്നനാകാന്‍ കഴിയും. അത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നുവെന്ന് മാത്രം.” രണ്‍വീർ പറഞ്ഞു.