കൊച്ചി: ആലുവയിൽ രണ്ടുപേരെ കടിച്ച തെരുവുനായ ചത്തു. നെടുവന്നൂരിൽ നിന്ന് പിടികൂടിയ നായയെ നിരീക്ഷണത്തിലാക്കിയതിനിടെയാണ് ചത്തത്.
നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് കടിയേറ്റത്. തകരാറിലായ കാർ ശരിയാക്കുന്നതിനായി റോഡരികിൽ നിൽക്കവെയാണ് ഓടിയെത്തിയ തെരുവ് നായ ഹനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഓടിച്ചത്. ഇതേ സ്ഥലത്ത് വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശേരി മെഡിക്കൽ കോളേജിൽ നിന്നും വാക്സിൻ എടുത്തു. തെരുവുനായ കടിച്ച മറ്റ് വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവ് നായ ആക്രമണങ്ങൾ ഉണ്ടായി. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ പന്ത്രണ്ടുകാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടർന്ന് മരണപ്പെട്ടത്. ഈ വർഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേരാണ് മരണപ്പെട്ടത്. പേവിഷത്തിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചിട്ടും ചിലർ മരണപ്പെട്ടത് ആശങ്കയുണ്ടാക്കിയിരുന്നു. കടുത്ത വിമർശത്തിന് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.