അമ്പലപ്പുഴ: ദേശീയപാതയോരത്തെ മണലെടുപ്പ് കരാർ കമ്പനി തടഞ്ഞു.ദേശീയപാത വികസനത്തിനായിപുന്നപ്ര തെക്കു പഞ്ചായത്ത് പവർഹൗസിനു സമീപം ഏറ്റെടുത്ത സ്ഥലത്തു നിന്നും ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ മണൽ നിറക്കുന്നതു കണ്ട കരാർ കമ്പനിയുടെ അധികൃതരാണ് ലോറി തടഞ്ഞത്.പുന്നപ്ര പൊലീസിൽ അറിയിക്കുകയും ചെയ്തു.സ്പെഷ്യൽ തഹസീൽദാർ ഏർപ്പെടുത്തിയ കെട്ടിടം പൊളിക്കുന്ന കരാർ കാരാണ് മണൽ വാരുന്നതെന്നാണ് ലോറിക്കാർ പറഞ്ഞത്. എന്നാൽ ഇവരെ വിളിച്ചു വരുത്തിയപ്പോൾ ഇവർ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. കെട്ടിടം പൊളിക്കുമ്പോൾ അടിത്തറ നിരപ്പിൽ മാത്രമാണ് മണൽ എടുക്കാൻ അനുമതിയുള്ളതെന്ന് കളർകോട് മുതൽ കൃഷ്ണപുരം വരെ ദേശീയപാതയുടെ നിർമ്മാണ കരാർ എടുത്തിരിക്കുന്ന ഹൈദ്രാബാദ് എ.സി.ഡബ്ല്യു കമ്പനിയുടെ എഞ്ചിനീയർ സുരേഷ് പറഞ്ഞു. ഹരിപ്പാടു ഭാഗത്തും സമാന സംഭവം ഉണ്ടായതായും അവിടെയും മണൽ ലോറി പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും ഇത്തരത്തിൽ കെട്ടിട അവശിഷ്ടങ്ങൾ മാറ്റുന്നതിൻ്റെ മറവിൽ മണൽ കടത്തിയതായി നിർമ്മ കമ്പനി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മണൽകടത്ത് കുറഞ്ഞത്.ദേശീയ പാതാ വിഭാഗം പരാതി നൽകിയാൽ അന്വേഷിക്കാമെന്നാണ് പുന്നപ്ര പൊലീസിൻ്റെ നിലപാട്. സംഭവം നാട്ടുകാർ തടഞ്ഞപ്പോൾ വീഡിയോ എടുക്കാനെത്തിയ മാധ്യമ പ്രവർത്തകനെ തടയുകയും, മണൽ കടത്താൻ വന്നവർ മാധ്യമ പ്രവർത്തകനെ തിരെ പൊലീസിൽ പരാതി നൽകിയതായും പറയുന്നു.