തൃശ്ശൂര്‍ : ലഹരിക്കടത്തിലെ മുഖ്യകണ്ണിയായ വിദേശി തൃശ്ശൂര്‍ സിറ്റി പോലീസിന്‍റെ പിടിയില്‍.നെെജീരിയ സ്വദേശി (27 ) എബുക്ക വിക്ടര്‍ അനായോ ആണ് പിടിയിലായത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് എം.ഡി.എം.എ ഉള്‍പ്പടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നതില്‍ മുഖ്യ കണ്ണിയാണ് ഇയാള്‍.ദില്ലിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ചില്ലറവിൽപ്പനക്കാർക്കിടയിൽ ‘കെൻ’ എന്നു വിളിപ്പേരുള്ള നൈജീരിയൻ പൗരനാണ് പിടിയിലായത്. ന്യൂഡൽഹിയിലെ നൈജീരിയൻ കോളനിയിൽ നിന്നും തൃശൂർ സിറ്റി പോലീസ് അതി സാഹസികമായാണ് ഇയാളെ പിടികൂടിയത്. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കർണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മെയില്‍ മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീൻ എന്നയാളിൽ നിന്നും 196 ഗ്രാം MDMA പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബാംഗ്ലൂരിൽ നിന്നും 300 ഗ്രാം MDMA സഹിതം പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്ന ആളാണ് ഇപ്പോള്‍ പിടിയിലായ എബുക്ക വിക്ടര്‍ അനായോ.
ഏറെനാളത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇയാളെ തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തത്.അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. തുടർന്ന് രണ്ടു ദിവസം തിഹാർ ജയിലിൽ പാർപ്പിക്കുകയുണ്ടായി. ഇതിനുശേഷമാണ് പ്രതിയെ തൃശ്ശൂരിലേയ്ക്ക് എത്തിച്ചത്.