വാഹനീയം 2022′ അദാലത്തില്‍ തീര്‍പ്പാക്കിയത് 321 പരാതികള്‍
സംസ്ഥാന പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങളുടെയും, സ്വകാര്യ ബസുകളുടെയും പുറപ്പെടുന്ന സമയവും ഓരോ സ്ഥലങ്ങളിലും എത്തുന്ന സമയവും പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുമെനന്ന് വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിന്റെ ഭാഗമായി ആറ് ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ബാക്കി എട്ട് ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അടുത്ത് സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ബസുകള്‍ എവിടെയെത്തിയെന്നും ബസിന്റെ സ്ഥലവും സമയവും കൃത്യമായി മനസിലാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കുന്ന വിദ്യാ വാഹന മൊബൈല്‍ ആപ്പ് ജനുവരി നാലിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. സ്കൂള്‍ ബസുകളുടെ ടാക്സ് നിരക്ക് ഏകീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനസേവന പരിപാടികളുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ജില്ലാതല പരാതി പരിഹാര അദാലത്ത്, ‘വാഹനീയം 2022’ ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ ലഭിച്ച 335 പരാതികളില്‍ 321 പരാതികളും മന്ത്രി നേരിട്ട് തീര്‍പ്പാക്കി. ജില്ലയില്‍ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ ഉദ്യോഗസ്ഥര്‍ പക്ഷാപാതപരമായി പെരുമാറുന്നത് അവസാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നും ഇടുക്കിയിലേക്കു തൊഴിലാളികളെ എത്തിക്കുന്ന 10 സീറ്റ് വരെയുള്ള ടാക്സി വാഹനങ്ങള്‍ക്കു കേരളത്തില്‍ പ്രവേശിക്കുന്നതിനും തിരിച്ചു കേരളത്തിലെ വാഹനങ്ങള്‍ തമിഴ്നാട്ടില്‍ സൗജന്യമായി പ്രവേശിക്കുന്നതിനും തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ നടപടിയാണ് ഈ അദാലത്തെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള സാധാരണക്കാരുടെ പരാതികള്‍ കേള്‍ക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി ഗതാഗത വകുപ്പ് മന്ത്രി നടത്തുന്ന ജില്ലാതല അദാലത്തുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമായി ഗതാഗത മന്ത്രി നടത്തുന്ന പരിശ്രമം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. 13 ജില്ലകളിലായി നടത്തിയ അദാലത്തുകളിലെ വിവരങ്ങള്‍ അടങ്ങിയ പുസ്തകം മന്ത്രി ആന്റണി രാജു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നല്കി പ്രകാശനം ചെയ്തു.
അദാലത്തില്‍ ലഭിച്ചതില്‍ തീര്‍പ്പാക്കാനുള്ള 14 പരാതികള്‍ കൂടുതല്‍ പരിശോധിച്ച് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കള്ള ടാക്സിയില്‍ ഓടുന്ന വാഹനങ്ങളെക്കുറിച്ചും പരാതികള്‍ ലഭിച്ചു. പുതിയ ബസുകള്‍ വേണമെന്ന ആവശ്യവും, മീറ്റര്‍ ചാര്‍ജിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെക്കുറിച്ചും പരാതി ഉണ്ടായി. ഇടുക്കി ആര്.ടി ഓഫീസില്‍ നിന്നും 152 പരാതികളും വണ്ടിപ്പെരിയാറിലെ 29 പരാതികളും തൊടുപുഴയിലെ 52 പരാതികളും ദേവികുളത്തെ 40 പരാതികളും ഉടുമ്പഞ്ചോലയിലെ 48 പരാതികളും പരിഹരിച്ചു.
നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍, നികുതി കുടിശിക, പിഴത്തുക തുടങ്ങിയവയായിരുന്നു പരിഹരിക്കപ്പെട്ട പരാതികള്‍. ഉടമ കൈപറ്റാതെ ഓഫീസില്‍ മടങ്ങിയ ആര്.സി, ലൈസന്‍സുകള്‍ എന്നിവ തിരിച്ചറിയല്‍ രേഖകളുമായെത്തിയവര്‍ക്ക് അദാലത്തില്‍ വച്ച് മന്ത്രി കൈമാറി. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഫെസിലിറ്റേഷന്‍ സെന്ററിന്റെ സൗകര്യവും ഒരുക്കിയിരുന്നു. ഇടുക്കി ആര്.ടി ഓഫീസും അതിന് കീഴിലുള്ള തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ ഓഫീസുകളും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിച്ചത്.
അദാലത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്, ഗ്രാമപഞ്ചായത്ത് അംഗം നിമ്മി ജയന്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.