ഇടുക്കി: അച്ഛൻ മരിച്ചതായി മകൻ്റെ ഫെയ്സ്ബുക്കിൽ വ്യാജ പോസ്റ്റ്. ആദരാഞ്ജലികൾക്കും അനുശോചനങ്ങൾക്കും എന്തു മറുപടി കൊടുക്കുമെന്നറിയാതെ അന്ധാളിപ്പിൽ പിതാവ്.
പീരുമേട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുൻ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാർത്ത ഇന്നലെ രാവിലെയാണു മുപ്പത്തിനാലുകാരനായ മൂത്തമകൻ നാടിനെ ‘അറിയിച്ചത്.’ പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ വാചകങ്ങളും ചേർത്തിരുന്നു. ഇളയമകന്റെ വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് ‘താൻ മരിച്ചു’ എന്ന പ്രചാരണം കോൺഗ്രസ് നേതാവ് അറിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെയ്സ്ബുക്കിൽ നോക്കി. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റേതായിരുന്നു ആദ്യത്തെ അനുശോചന സന്ദേശങ്ങളിലൊന്ന്.
കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്കാര സമയം അറിയാനുമായി വിദേശത്തുനിന്നുൾപ്പെടെ വിളികളെത്തി.
അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ് മകന്റെ കടുംകൈ എന്നാണ് അടുത്തബന്ധുക്കൾ നൽകുന്ന സൂചന.
വ്യാജവാർത്ത പ്രചരിപ്പിച്ച മകനെതിരെ പൊലീസിൽ പരാതി നൽകാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. എന്നാൽ പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകനു മാപ്പുനൽകാൻ തീരുമാനിച്ചു.
തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കയറി മറ്റാരോ പോസ്റ്റ് ചെയ്തതാണ് പിതാവിന്റെ വ്യാജ മരണവാർത്തയെന്നാണു മറ്റൊരു ജില്ലയിൽ ജോലി ചെയ്യുന്ന മകന്റെ വിശദീകരണം.
ഫെയ്സ്ബുക്കിൽ അപകീർത്തിപ്പെടുത്തുന്ന വ്യാജവിവരം പങ്കുവയ്ക്കുന്നത് ഐടി ആക്ട് പ്രകാരം 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.