ആറന്മുള പോലീസ് സ്‌റ്റേഷന്റെ അടുക്കളയില്‍ പീഡന ശ്രമം; സിപിഓ യെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചുവെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

Advertisements

ആറന്മുള പോലീസ് സ്‌റ്റേഷനിലെ സിപിഓ സജീഫ് ഖാനെയായാണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നു ദിവസം മുന്‍പാണ് സംഭവം. പോലീസ് സ്‌റ്റേഷന്‍ വൃത്തിയാക്കുന്നതിനും പോലീസുകാര്‍ക്ക് ചായയും മറ്റും ഉണ്ടാക്കുന്നതിനുമായി നിയോഗിച്ചിട്ടുള്ള യുവതിയെ സ്‌റ്റേഷന്റെ അടുക്കളയില്‍ വച്ച്‌ സജീഫ് ഖാന്‍ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്‌റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാതെ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്.പി യുവതിയെ കൗണ്‍സിലിങ്ങിന് വിട്ടു. തുടര്‍ന്നാണ് യുവതി നടന്ന സംഭവങ്ങള്‍ പറഞ്ഞത്.

ഇതിന് പിന്നാലെ യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ ലീലാമ്മയുടെ നിര്‍ദേശ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതു സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി, ഡിവൈ.എസ്പിമാരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാത്രി തന്നെ സജീഫ് ഖാനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാള്‍ പത്തനംതിട്ടയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.

Hot Topics

Related Articles