കണ്ടാല്‍ ചൂണ്ടയിടല്‍. പക്ഷെ ലക്ഷ്യം കഞ്ചാവ് വില്പന. തോട്ടപ്പള്ളി പാലത്തില്‍ അടുത്തിടെയായി ലഹരി മാഫിയ തമ്പടിച്ചിരിക്കുകയാണെന്ന് ആക്ഷേപം. തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന്റെ നടപ്പാത കേന്ദ്രീകരിച്ചാണ് വ്യാപകമായി കഞ്ചാവ് വില്പന. പാലത്തിന്റെ നടപ്പാതയില്‍ നിന്ന് ചൂണ്ട ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ എന്ന വ്യാജേന എത്തുന്ന സംഘങ്ങളാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വില്പന നടത്തുന്നത്.
രാവിലെയും വൈകിട്ടും യാതൊരു പരിചയമില്ലാത്ത നിരവധി യുവാക്കളാണ് ഇരുചക്രവാഹനങ്ങളില്‍ മത്സ്യം പിടിക്കാന്‍ എന്ന വ്യാജേന ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ എത്തുന്നതോടെ പ്രദേശവാസികളും അല്ലാത്തവരുമായ ആളുകള്‍ ഇവരുടെ അടുത്തെത്തി ചെറിയ പൊതികള്‍ വാങ്ങി കൊണ്ടു പോകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇങ്ങനെ വാങ്ങുന്ന പൊതികളുമായി തോട്ടപ്പള്ളി ബീച്ചിലും സമീപത്തെ കാറ്റാടി കാടുകളിലും തമ്പടിക്കുന്ന സംഘങ്ങള്‍ പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കാറുമുണ്ടന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. അടിയന്തിരമായി എക്സൈസും പോലീസും അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെആവശ്യം