കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി വിവരം. തുടർന്നു പോലീസും വനം വകുപ്പും പരിശോധന നടത്തി. ഇന്നു പുലർച്ചെ നാലിനാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. അയ്യല്ലൂരിലെ റബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ അശോകനാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. പുലിയെ കണ്ടതിനെ തുടർന്നു അവിടെ നിന്നു രക്ഷപ്പെട്ട ടാപ്പിംഗ് തൊഴിലാളി പോലീസിലും വനം വകുപ്പിലും വിവരം നൽകുകയായിരുന്നു.തുടർന്നു പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കാട്ടിനുള്ളിൽ കുറുനരിയെ കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ പകുതിഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. പുലിയാണോയെന്ന് കണ്ടെത്തുന്നതിന്കുറുനരിയുടെ ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വകുപ്പ് കാമറ സ്ഥാപിച്ചു. മട്ടന്നൂർ എസ് ഐ കെ.വി.ഉമേശൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചർ സുധീർ നാരോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.പുലിയ കണ്ടതായുള്ള വിവരത്തെ തുടർന്നു നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തി.