കോട്ടയം: അയ്മനം ഫെസ്റ്റ് ‘അരങ്ങ് 2022’ന് വർണാഭമായ തുടക്കം. സാംസ്‌കാരിക വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം, കുടമാളൂർ, മര്യാതുരുത്ത് സർവീസ് സഹകരണ ബാങ്കുകളുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
അയ്മനത്തിന്റെ സാംസ്‌കാരിക പൈതൃകം ലോക പ്രസിദ്ധമാണെന്നും സംസ്ഥാനത്തെ കലാ-സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിരവധി പ്രതിഭകളെ സമ്മാനിച്ച നാടാണ് അയ്മനമെന്നും മന്ത്രി പറഞ്ഞു.
അയ്മനം നരസിംഹ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷയായി. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം മധുപാൽ ഫെസ്റ്റിന്റെ സന്ദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30ന് അവസാനിക്കുന്ന ഫെസ്റ്റിന് മാറ്റുകൂട്ടാൻ ചലച്ചിത്ര താരങ്ങളുടേതടക്കം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. അയ്മനത്തെ തനത് നാടൻ കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുടങ്ങിയവയുടെ പ്രദർശന-വിപണന മേളയും ഭക്ഷ്യമേളയും നടക്കുന്നു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ഡോ. റോസമ്മ സോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിജി രാജേഷ്, കെ.ആർ. ജഗദീഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സൗമ്യ മോൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി മാത്യൂ, ജനറൽ കൺവീനർ പ്രമോദ് ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എം. അനി, രാജേഷ് ചാണ്ടി, അരുൺ എന്നിവർ പങ്കെടുത്തു.