തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും- ജില്ലാ കളക്ടര്‍

പന്തളം: തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഹാളില്‍ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനതിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍ ജനതിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് ഇത്തവണ നടത്തുക. തിരക്ക് ക്രമീകരിക്കലാണ് ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല. ഇരുനൂറ് പോലീസുകാര്‍ അടങ്ങുന്ന സംഘം തിരുവാഭരണ ഘോഷയാത്രയില്‍ സുരക്ഷയൊരുക്കും.
ഒരു മെഡിക്കല്‍ ടീം ആംബുലന്‍സ് ഘോഷയാത്രയോടൊപ്പം ഉണ്ടാവും. കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം ആറു വരെ ചികിത്സാ സംവിധാനമൊരുക്കും. ചെറുകോല്‍ പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞീറ്റുകര, റാന്നി പെരുനാട്, എന്നീ ആശുപത്രികളില്‍ ഇരുപത്തിനാലു മണിക്കൂര്‍ സേവനമൊരുക്കും. വടശേരിക്കര ആശുപത്രിയില്‍ രാത്രി എട്ടു വരെയും ചികിത്സാ സഹായമൊരുക്കും. ഫയര്‍ഫോഴ്‌സിന്റെ പതിനൊന്നു പേരടങ്ങുന്ന ഫസ്റ്റ് റസ്‌പോണ്‍സ് ടീം, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഘോഷയാത്രയോടൊപ്പം ഉണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു.
യാതൊരു വിധ പരാതികളും ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ഏറ്റവും മികച്ച രീതിയില്‍ തിരുവാഭരണ ഘോഷയാത്ര നടത്തും. സമാധാനപരമായി ഘോഷയാത്ര നടത്തുന്നതിന് എല്ലാ വകുപ്പുകളുടേയും സഹകരണം ഉണ്ടാവണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മ, കൊട്ടാരം നിര്‍വഹണ സംഘം പ്രസിഡന്റ് ടി.ജി. ശശികുമാര വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ, ട്രഷറര്‍ ദീപാവര്‍മ്മ, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥിപാല്‍, സെക്രട്ടറി ആഘോഷ് വി സുരേഷ്, ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ സൈനു രാജ്, ഡിവൈഎസ്പി ആര്‍. ബിനു, വകുപ്പുതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles