ആലപ്പുഴ : സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരായ ആരോപണം സ്ഥിരീകരിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വിഡിയോ പരിശോധന പുതിയ വിവാദമാകുന്നു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കൾ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടാണെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.
പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകൾ ഉൾപ്പെട്ട ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്നം അന്വേഷിച്ച കമ്മിഷൻ ശേഖരിച്ച ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പാർട്ടി ഓഫിസിലെ സ്റ്റുഡിയോയിൽ കംപ്യൂട്ടറിൽ കണക്റ്റ് ചെയ്തു ദൃശ്യങ്ങൾ കണ്ടെന്നാണ് പാർട്ടിയിൽ നിന്നു തന്നെ ലഭിച്ച വിവരം. തുടർന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെയൊരു വിഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ ഉന്നയിച്ചപ്പോഴാണ് പെൻഡ്രൈവ് പരിശോധിക്കാമെന്ന നിർദേശം ഉയർന്നത്.പാർട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയിൽ ഈ പ്രവൃത്തിക്കുനേരെ കണ്ണടയ്ക്കാനാവില്ലെന്ന അഭിപ്രായം പൊതുസമൂഹത്തിൽ ഉയർന്നിട്ടുണ്ട്.വിഡിയോ കണ്ട നേതാക്കളെ അതിലുള്ളവർ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യവുമുണ്ട്. അശ്ലീല വിഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ല.